ആ വാര്‍ത്ത കണ്ട് പലരും വിളിച്ചു; മറുപടിയുമായി കെഎസ് ശബരീനാഥന്‍, പദവി ലക്ഷ്യമല്ല
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു എന്ന പ്രചാരത്തില്‍ പ്രതികരണവുമായി കെഎസ് ശബരീനാഥന്‍. വാര്‍ത്തകള്‍ മിഥ്യയാണെന്നും ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ നാളായി ഈ പ്രചാരണം നടക്കുന്നു. കഴിഞ്ഞ ദിവസം ദി ഹിന്ദു പത്രത്തിലും വാര്‍ത്ത വന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ പ്രതികരിക്കുന്നത് എന്ന് ശബരിനാഥന്‍ പറഞ്ഞു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്റെ മകനാണ് ശബരിനാഥന്‍. 2015ല്‍ അരുവിക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണ് നിയമസഭയിലെത്തിയത്. 2016ലും ഈ മണ്ഡലം അദ്ദേഹം നിലനിര്‍ത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ ശബരിനാഥന്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹം നേമം മണ്ഡലത്തിലാണ് ജനവിധി തേടിയത്.

നിലവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അംഗമാണ് ശബരിനാഥന്‍. പാര്‍ട്ടിയുടെ നിര്‍ദേശം കണക്കിലെടുത്താണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ജയസാധ്യത തീറെ കുറഞ്ഞ നേമം മണ്ഡലത്തില്‍ മല്‍സരിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ അര്‍ഹമായ അംഗീകാരം ശബരീനാഥന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നു. അതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചു എന്ന വാര്‍ത്ത പ്രചരിച്ചത്.
ശബരിനാഥന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചുള്ള ഒരു വാർത്ത പടർന്നുപിടിക്കുകയാണ്. ഇത് കണ്ടും കേട്ടും ആയിരകണക്കിന് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് എന്നെ ഫോൺ വിളിക്കുന്നത്.
ഇവരോടെല്ലാം വാർത്തകൾ എല്ലാം മിഥ്യയാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഞാൻ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയതുമില്ല.
പക്ഷേ നിർഭാഗ്യവശാൽ "The Hindu" പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത പ്രിന്റിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ്. അതിനാലാണ് ഇവിടെ ഇനി എഴുതുന്നത്. ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങ നന്നായി കൊണ്ടുപോകുന്നുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കും.''














Click it and Unblock the Notifications