സാബിത്ത് മലേഷ്യയില്‍ പോയിട്ടേയില്ല, എവിടെനിന്നു വരുന്നു ഈ വ്യാജവാര്‍ത്തകള്‍; സങ്കടക്കടലില്‍ കുടുംബം
കോഴിക്കോട്: നിപ്പ ബാധിച്ചു മരിച്ച സാബിത്ത് മലേഷ്യ സന്ദര്‍ശിച്ചുവെന്ന പ്രചാരണം പൊളിഞ്ഞു. സാബിത്ത് ഈയിടെ മലേഷ്യ സന്ദര്‍ശിച്ചിരുന്നെന്നും അവിടെനിന്നാണ് അസുഖം ബാധിച്ചതെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളിലും അതിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയിലും വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. കിണറ്റില്‍നിന്നു പിടിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം ഇല്ലെന്ന റിപ്പോര്‍ട്ടുകളോടെ പ്രചാരണത്തിന് ശക്തിയേറി. ഇതെത്തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിലും സാബിത്തിന്റെ യാത്രകള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നു. നിപ്പ വൈറസ് ബാധയേറ്റ് ആദ്യം മരണമടഞ്ഞത് സാബിത്ത് ആയിരുന്നു.
കോഴിക്കോട് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് സംഘം പാതിരിപ്പറ്റയിലെ വീട്ടിലെത്തി സാബിത്തിന്റെ പാസ്‌പോര്‍ട്ട് ശേഖരിച്ചു. പാസ്‌പോര്‍ട്ടില്‍ സാബിത്ത് യുഎഇയില്‍ പോയ വിവരം മാത്രമാണുള്ളത്. അതും കഴിഞ്ഞ ഓഗസ്റ്റില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. പരമാവധി രണ്ടാഴ്ച മാത്രമാണ് നിപ്പാ വൈറസ് മനുഷ്യശരീരത്തില്‍ ഒളിഞ്ഞിരിക്കുക. ഏതാണ്ട് 10 ദിവസത്തോടെത്തന്നെ പുറത്തുചാടും.

എന്നിരിക്കെ പോവാത്ത സ്ഥലം സന്ദര്‍ശിച്ചുവെന്നും മറ്റും കഥകള്‍ പ്രചരിപ്പിച്ചതില്‍ സാബിത്തിന്റെ കുടുംബത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നു. ഇതോടൊപ്പം സാബിത്ത് എന്‍ജിനിയറാണെന്നും മറ്റുമുള്ള തെറ്റായ വിവരങ്ങളും പ്രസ്തുത വാര്‍ത്തയില്‍ ഉണ്ടായിരുന്നു. നാല് അംഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബത്തെ തെറ്റായ വാര്‍ത്തകള്‍ നല്‍കി ചിലര്‍ വേട്ടയാടുന്നത് സങ്കടകരമാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.












Click it and Unblock the Notifications