'പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷ ഉറപ്പാക്കണം'; ഡൽഹിയിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം
ഡൽഹി യൂനിവേഴ്സിറ്റി നോർത്ത് ക്യാമ്പസിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 3000ത്തോളം വിദ്യാർത്ഥിനികളാണ് മാർച്ച് നടത്തിയത്. അടുത്തിടെ യൂനിവേഴ്സിറ്റി ക്യാമ്പസിൻ്റെ തൊട്ടടുത്തുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ വെച്ച് 17 വയസുള്ള പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു.ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രദേശത്തെ കോളേജ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ മാർച്ച് നടന്നത്.
ഇത് രണ്ടാം തവണയാണ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറുന്നത്. നേരത്തേ സപ്റ്റംബർ 23 ന് ഡൽഹി ലേഡി ശ്രീറാം കോളേജ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ആസ്ഥാ കുഞ്ച് സംഭവം കാമ്പസിലെ വിദ്യാർത്ഥിനികളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ഡൽഹി യൂണിവേഴ്സിറ്റി സെക്രട്ടറി അഞ്ജലി പറഞ്ഞു.

കോളേജുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനങ്ങളിലും വിദ്യാർത്ഥിനികൾ ആശങ്ക പങ്കുവെച്ചു. കോളേജ് കാമ്പസിലെ ദീപാവലി മേള, വാർഷിക പരിപാടികൾ എന്നിവയ്ക്കിടെ നിരവധി വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒന്നിൽ പോലും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് അഞ്ജലി ആരോപിച്ചു. വർഷങ്ങളായി ക്യാമ്പസിൽ നടക്കുന്ന ഇത്തരം അനാസ്ഥകൾക്കെതിരെ അടക്കമാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം എന്നും അവർ വ്യക്തമാക്കി.
ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കണം, തെരുവ് വിളിക്കുകൾ സ്ഥാപിക്കണം, പൊതുഗതാഗതം മെച്ചപ്പെടുത്തണം, ലൈംഗികാതിക്രമ പരാതികളിൽ കൃത്യമായ ഇടപെടലുകൾ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു.
നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടും അവയൊന്നും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും വിദ്യാർത്ഥിനികൾ കുറ്റപ്പെടുത്തി. ' പിങ്ക് ബൂത്തുകൾ പലയിടത്തും സ്ഥാപിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം സമയത്തും അവിടെ ആരും ഉണ്ടാകാറില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാനല്ല ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്, മറിച്ച് പോലീസിംഗിനും നിരീക്ഷണത്തിനും വേണ്ടിയാണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ പൊതുഇടങ്ങളിൽ സ്ത്രീകളെ നിയന്ത്രിക്കണമെന്ന വാദത്തേയും വിദ്യാർത്ഥിനികൾ വിമർശിച്ചു.സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് ലൈംഗിക അതിക്രമങ്ങൾക്കുള്ള പരിഹാരമല്ലെന്ന് അവർ പറഞ്ഞു.
അതിനിടെ ഡൽഹി പോലീസിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന കവാടങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ, സുരക്ഷ മതിൽ കെട്ടുകൾ, ജീവനക്കാരുടേയും തൊഴിലാളികളുടേയും വെരിഫിക്കേഷൻ, സിസിടിവി കവറേജ് തുടങ്ങിയ കാര്യങ്ങളാണ് ഓഡിറ്റിൻ്റെ ഭാഗമായി പരിശോധിക്കുന്നത്.


Click it and Unblock the Notifications
