ഇസ്രയേലിലെ ഏഴായിരത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്രത്തിന് കത്തയച്ച് പിണറായി
തിരുവനന്തപുരം: ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് മുഖ്യമന്ത്രി കത്ത് അയച്ചിരിക്കുന്നത്. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നതായും. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാലസ്‌തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ പൗരന്മാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത് മാറിയിട്ടുണ്ടെന്നും സി പി എം സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടുന്നു.

നിരവധി ജീവനുകള്‍ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത് നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന് മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രായേല്‍, പലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പലസ്‌തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് അടിസ്ഥാനമിട്ടത്. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.
ദ്വിരാഷ്‌ട്ര പരിഹാരമെന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്‌തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണെന്നും സി പി എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും രംഗത്ത് വന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ എക്സിലൂടെയാണ് മോദി ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിഗതികളേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇസ്രായേല്‍ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
'നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ഫോണ്‍ ചെയ്തതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു,' പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications