വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ച: അമിത ലാഭം ലക്ഷ്യമിട്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല
ഉമ തോമസ് എം എൽ എക്ക് അപകടമുണ്ടാക്കി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ താൽക്കാലിക വേദി നിർമ്മാണത്തില്‍ അടിമുടി സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. താൽക്കാലിക വേദിയിലെ 'നടപ്പു വഴിയുടെ' വീതി 50 സെന്റി മീറ്റർ മാത്രമായിരുന്നുവെന്നാണ് പൊലീസിന്റെ നേതൃത്വത്തിൽ പി ഡബ്ല്യു ഡിയും ഫയർഫോഴ്സും ചേർന്നു നടത്തിയ പരിശോധനയിലാണു കണ്ടെത്തൽ. എം എല്‍ എ താഴേക്ക് വീഴാനുണ്ടായ പ്രധാന കാരണം ഇടുങ്ങിയ വഴിയും നല്ല രീതിയിലുള്ള ബാരിക്കേഡുകളുടെ അഭാവവുമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
പരിപാടിയിലൂടെ മികച്ച ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തോടെ സംഘാടകരും സ്റ്റേജ് നിർമിച്ചവരും സുരക്ഷാ മുന്‍കരുതലുകള്‍ പരമാവധി ഒഴിവാക്കുകയായിരുന്നു. വേദി നിർമ്മാണത്തില്‍ അടിമുടി പാളിച്ചകളുണ്ടായി. 25000 ത്തിലേറെ വരുന്നവരെ നിയന്ത്രിക്കാന്‍ 25 പൊലീസുകാരെ മാത്രമാണ് ആവശ്യപ്പെട്ടത്. ഗാലറിയിലെ ആദ്യ നിലയില്‍ രണ്ട് തട്ടായിട്ടാണ് വേദി നിർമ്മിച്ചത്. ഇതില്‍ ആദ്യ തട്ടിന്റെ ആകെ നീളം 2.4 മീറ്റർ മാത്രമാണ്. ഇവിടെയാണു കസേരകൾ നിരത്തിയ ശേഷം മുന്നിൽ 50 സെന്റിമീറ്റർ നടവഴി ഒഴിച്ചിട്ടത്. ഒരാള്‍ക്ക് കൃത്യമായി നില്‍ക്കാന്‍ പോലുമുള്ള ഇടം ഇവിടെ ഉണ്ടായിരുന്നില്ല. ഉദ്ഘാടനത്തിന് ശേഷം ഈ വഴിയിലൂടെ നടന്ന് പോകുമ്പോഴാണ് ഉമ തോമസ് വേച്ചു പോകുകയും താങ്ങിനായി പിടിച്ച ക്യൂ മാനേജർ ഉള്‍പ്പെടെ താഴേക്ക് വീഴുന്നതും.

വേദിയുടെ ആദ്യ തട്ടിന്റെ മുൻവശത്തെ ഇരുമ്പു കാലുകൾ ഉറപ്പിച്ച് നിർത്തിയതിലും സുരക്ഷാ വീഴ്ചയുണ്ടായി. കസേരിയട്ട പ്രകാരം നാല്‍പതോളം പേർ വേദിയിലെത്തിയിരുന്നെങ്കിൽ അവരുടെ ഭാരം താങ്ങാനാകാതെ വേദി തകർന്നേനെയെന്നും പൊലീസ് വിലയിരുത്തുന്നു.
അതേസമയം, കോർപ്പറേഷന്റെ ഭാഗത്ത് നിന്നുമുള്ള ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പേരില്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയർ എം അനില്‍കുമാറും വ്യക്തമാക്കി. കൊച്ചി നഗരസഭയുടെ കലൂര്‍ ഹെല്‍ത്ത് ഓഫീസിലെ എച്ച്.ഐ ക്ക് പി.പി.ആര്‍ ലൈസന്‍സ് (Kerala places of Public Resort Act) പ്രകാരം ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നതായി ഇന്നലെ വൈകിട്ട് നഗരസഭ സെക്രട്ടറി അറിയിക്കുകയുണ്ടായെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പണം സ്വീകരിച്ച് പൊതു സ്ഥലങ്ങളില്‍ പരിപാടി നടത്തുന്നതിന് ഹെല്‍ത്ത് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്നതാണ് പി.പി.ആര്‍ ലൈസന്‍സ്. പണം സ്വീകരിക്കാതെ പരിപാടി നടത്തുന്നു എന്ന കാരണത്താലാണ് ഈ അപേക്ഷ നിരസിച്ചത് എന്നാണ് ഹെല്‍ത്ത് വിഭാഗം സെക്രട്ടറിയ്ക്ക് വിശദീകരണം നല്‍കിയിട്ടുള്ളത്.
പ്രസ്തുത പരിപാടിയുടെ സംഘാടകര്‍ തികഞ്ഞ അനാസ്ഥയാണ് പരിപാടിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചത്. പരിപാടിയുടെ തലേന്നാണ് എച്ച്.ഐ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പി.പി.ആര്‍ ലൈസന്‍സ് നിരസിച്ചത്.
എന്നാല്‍ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടാണ് ഈ പരിപാടി നടന്നത് എന്ന ആക്ഷേപം ഉയര്‍ന്ന് വന്നിട്ടുണ്ട്. മാത്രമല്ല സംഭവസ്ഥലത്ത് ഇത് പരിശോധിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ പോവുകയും റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് നല്‍കേണ്ടതുമായിരുന്നു. മേയറുടെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറി ഇന്നലെ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോഴാണ് ഇക്കാര്യം നഗരസഭ സെക്രട്ടറി അറിയുന്നത്.
പ്രസ്തുത ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം നടത്തിയിട്ടുള്ളത്കൊണ്ട് കലൂര്‍ 16-ാം സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എന്‍ നിതയെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യുന്നു. നഗരസഭയുടെ റവന്യു, ഹെല്‍ത്ത്, എഞ്ചിനീയറിങ് വിഭാഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ച് ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ പേരില്‍ ശക്തമായി നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications