കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പോര്‍ട്‌സിലൂടെ ആരോഗ്യം: സാഹസികമാസം പദ്ധതിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സ്‌പോര്‍ട്‌സിലൂടെ പൊതുസമൂഹത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹസികമാസം പദ്ധതിയുമായി ജില്ലാ ഭരണകൂടം. മെയ് ആറ് മുതലുള്ള നാല് ഞായറാഴ്ചകളില്‍ ജനകീയ പങ്കാളിത്തത്തോടെ സൈക്കിള്‍ റാലി, മാരത്തണ്‍, കയാക്കിംഗ്, നീന്തല്‍ എന്നീ കായിക വിനോദ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ചേര്‍ന്ന് സാഹസികമാസം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഭക്ഷണ രീതിയും ജീവിതശൈലിയും മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ കായിക വിനോദങ്ങളിലേര്‍പ്പെടുന്നതിലൂടെ സാധിക്കും. ചികിത്സാ കേന്ദ്രങ്ങളേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളാണ് നമുക്ക് വേണ്ടതെന്നും. അതിന്റെ ഭാഗമായാണ് സാഹസിക മാസം പദ്ധതിയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യുവാക്കള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയാണ് അവധിക്കാലം തന്നെ പരിപാടിക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kannur

മെയ് 6 ന് കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നടക്കുന്ന സൈക്കിള്‍ യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കമാവുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍ സവാരിയില്‍ പങ്കാളികളാകാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ സൈക്കിള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുക.

പൈതൃക നഗരമായ തലശ്ശേരിയില്‍ മെയ് 13ന് സംഘടിപ്പിക്കുന്ന ഹെറിറ്റേജ് മാരത്തോണ്‍ ആണ് സാഹസിക മാസം പദ്ധതിയിലെ രണ്ടാമത്തെ പരിപാടി. 1.5 കിലോമീറ്ററായിരിക്കും ഇതിന്റെ ദൈര്‍ഘ്യം. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ പൈതൃകസ്മാരകങ്ങളില്‍ സെല്‍ഫീ പോയിന്റുകളും ഒരുക്കും. 200 രൂപയാണ് മാരത്തോണിന്റെ ഫീസ്.

മെയിലെ മൂന്നാമത്തെ ഞായറാഴ്ചയായ 20ന് നീന്തല്‍ പ്രേമികള്‍ക്കായി വളപട്ടണം പുഴയില്‍ വെച്ച് പറശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ യജ്ഞം നടക്കും. പറശ്ശിനിക്കടവില്‍ വെച്ച് ആരംഭിക്കുന്ന നീന്തല്‍ മല്‍സരം വളപട്ടണം പുഴയില്‍ അവസാനിക്കും. 570 മീറ്റര്‍ വീതിയുള്ള പറശിനി ക്രോസ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിനുള്ള അവസരവും അന്നേ ദിവസം ഉണ്ടാവും.

സാഹസികമാസം പദ്ധതിയുടെ അവസാന വാരമായ മേയ് 27 ന് നടത്തുന്ന കയാക്കിംഗ് യജ്ഞം പയ്യന്നൂരിനടുത്തുള്ള കവ്വായി പുഴയില്‍ വെച്ചായിരിക്കും നടക്കുക. കവ്വായിയിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവിടെ പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടികള്‍ക്ക് പുറമേ ഗിഫ്റ്റ് എ സൈക്കിള്‍ എന്ന പ്രചാരണവും പദ്ധതിയുടെ ഭാഗമായി നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. പ്രിയപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും സൈക്കിള്‍ ദാനം ചെയ്യാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരമൊരുക്കുന്ന ഈ പരിപാടി മെയ് 4 വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും.

English summary
" Sahasikamasam' project kannur district administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X