ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് സജി നന്ത്യാട്ട്; വിവാദങ്ങളൊഴിയാതെ ചലച്ചിത്ര മേഖല
കൊച്ചി: ഫിലിം ചേംബറില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കണങ്ങള്‍ക്ക് ഒടുവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് സജി നന്ത്യാട്ട്. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്ന് സജി പറഞ്ഞു.
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. സാന്ദ്ര തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനോട് അനുബന്ധിച്ചാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളില്‍ സജി നന്ത്യാട്ട് സാന്ദ്ര തോമസിനെ പിന്തുണച്ചിരുന്നു.

മലയാള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയാണ് ഫിലിം ചേംബര്‍. സജി നന്ത്യാട്ടിന്റെ രാജിയോടെ ചലച്ചിത്ര മേഖലയിലാകെ പ്രതിസന്ധി വ്യാപിക്കുകയാണ്.
അതേസമയം ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സജിയുടെ അംഗത്വം തന്നെ ഇന്ന് ചേര്‍ന്ന ചേംബര്‍ എക്‌സിക്യൂട്ടീവ് റദ്ദാക്കിയിരുന്നെന്ന് ചേംബര്‍ നേതൃത്വം അറിയിച്ചു. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബര്‍ വിശദീകരിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു. ചുരുങ്ങിയത് 3 സിനിമകള്‍ എങ്കിലും നിര്‍മ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍.
ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ് നിലവില്‍ സാന്ദ്ര തോമസ്.












Click it and Unblock the Notifications