ശമ്പളം മാത്രം പോര; മറ്റു വരുമാനം കണ്ടെത്തി 47 ശതമാനം പേര്‍, അവശ്യവസ്തു വില കുതിച്ചുയര്‍ന്നു
ഒരാളുടെ വരുമാനം കൊണ്ടു മാത്രം വീട് കഴിയാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ജനങ്ങള്‍. ഒരു ആദായ മാര്‍ഗം മാത്രം ആശ്രയിക്കുന്നതിന് പകരം ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് മിക്കവരും. ക്ലിയര്‍ ടാക്‌സ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണുള്ളത്. നേരത്ത ഒരു വരുമാനത്തിന് മാത്രം നികുതി അടച്ചിരുന്ന മിക്കവരും ഒന്നിലധികം ആദായ മാര്‍ഗം കണ്ടെത്തി എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.
ഒരു ജോലി ചെയ്ത് ശമ്പളം വാങ്ങുന്നവര്‍ ഇപ്പോള്‍ പലതരം നിക്ഷേപങ്ങള്‍, ബിസിനസ്, ട്രേഡിങ് എന്നിവയില്‍ നിന്നെല്ലാം വരുമാനത്തിന് ശ്രമിക്കുന്നുണ്ട് എന്നാണ് ക്ലിയര്‍ ടാക്‌സ് റിപ്പോര്‍ട്ട് പറയുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഒന്നിലധികം സോഴ്‌സില്‍ നിന്ന് വരുമാനം കാണിക്കുന്നവര്‍ 47 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

2026-27 അസസ്‌മെന്റ് ഇയറിലെ കണക്കിലാണ് 47.3 ശതമാനം പേരും മറ്റു ആദായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു എന്ന വിവരം. 2022-23 സാമ്പത്തിക വര്‍ഷം ഇത് വെറും 9.5 ശതമാനമായിരുന്നു. ശമ്പളത്തിന് പുറമെ രണ്ടോ അതിലധികമോ വരുമാനമുള്ളവര്‍ 24.4 ശതമാനമായി. 2022-23 സാമ്പത്തിക വര്‍ഷം ഇത് വെറും 3.5 ശതമാനമായിരുന്നുവത്രെ. പ്രതിമാസ ശമ്പളത്തെ മാത്രം ആശ്രയിക്കാതെ മറ്റുവഴികള്‍ കൂടി തേടുകയാണ് മിക്കവരും.
മുമ്പ് ഒരാളുടെ ശമ്പളം അല്ലെങ്കില്‍ വരുമാനം ആശ്രയിച്ചായിരുന്നു കുടുംബങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ഇപ്പോള്‍ ഒന്നിലധികം പേര്‍ ജോലിക്ക് പോകാത്ത വീടുകള്‍ കുറവാണ്. എന്നിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ല എന്ന ആവലാതിയിലാണ് ജനം. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, പെട്രോള്‍-ഡീസല്‍-വിമാന ഇന്ധന വിലയിലുണ്ടായ വര്‍ധനവ്. പാചക വാതക വിലയിലെ വര്‍ധന എന്നിവയെല്ലാം ജനങ്ങള്‍ക്ക് തിരിച്ചടിയായി.
കുടുംബ ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം
നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് കുടുംബ ബജറ്റ് താളംതെറ്റാന്‍ കാരണം. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില അടിക്കടി കയറുകയാണ്. മുമ്പ് ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോയിരുന്നത് എങ്കില്‍ ഇപ്പോള്‍ വില താഴുന്നേയില്ലെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. ഏതാനും മാസങ്ങള്‍ക്കിടെ മാത്രം അരി കിലോയ്ക്ക് എട്ട് രൂപ മുതല്‍ 23 രൂപ വരെ വര്‍ധിച്ചുവെന്ന് കോഴിക്കോട്ടെ മൊത്ത വ്യാപാരികള്‍ പറയുന്നു.
പയര്‍ വര്‍ഗങ്ങള്‍, ഉള്ളി എന്നിവയുടെ വിലയില്‍ ഓരോ ആഴ്ചയും വര്‍ധനവ് വരുന്നുണ്ട്. കരിമ്പ് വില കൂട്ടണം എന്ന് ആവശ്യപ്പെട്ട് പഞ്ചസാര ഫാക്ടറികള്‍ക്ക് മുമ്പില്‍ കര്‍ണാടകയില്‍ സമരം നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇനി മഹാരാഷ്ട്രയില്‍ നിന്ന് പഞ്ചസാര വരുമെന്നും അവര്‍ വിശദീകരിക്കുന്നു. പൊന്നി അരിക്ക് ഒരു മാസത്തിനിടെ 15 രൂപ വരെ ഉയര്‍ന്നു.
ഓണക്കാലത്ത് 58 രൂപയായിരുന്ന പൊന്നി അരിക്ക് ഇപ്പോള്‍ 75ലെത്തി. എന്താണ് വിലക്കയറ്റത്തിന് കാരണം എന്ന് ചോദിച്ചാല്‍ മഴ പെയ്യുന്നതും വരള്‍ച്ചയും പശ്ചിമേഷ്യന്‍ യുദ്ധവുമെല്ലാമാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍. വ്യക്തമായ കാരണം അവര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം.


Click it and Unblock the Notifications
