ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി; 25 ശതമാനം വരെ പിടിക്കാന്‍ അധികാരം, ശമ്പളം വൈകും
തിരുവനന്തപുരം: കൊറോണ പ്രതിസന്ധി കാരണം ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യത്തില്‍ അനുമതി നല്‍കി. ഓര്‍ഡനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ആരോഗ്യ അടിയന്തരാവസ്ഥ നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ജീവനക്കാരുടെ ശമ്പളം പിടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഈ നിയമ പ്രകാരം സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ട്. വിശാലമായ അധികാരമാണ് ഈ നിയമം സര്‍കാരിന് നല്‍കുന്നത്. 25 ശതമാനം ശമ്പളം വരെ പിടിക്കാന്‍ സര്‍ക്കാരിന് നിയമം അനുമതി നല്‍കുന്നു. തിരിച്ചു എപ്പോള്‍ നല്‍കുമെന്ന്് വേഗത്തില്‍ പറയേണ്ടതില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് ആറ് മാസം വരെ സമയവുമുണ്ട്.
ഇതോടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ശരിക്കും പെട്ടിരിക്കുകയാണ്. സര്‍ക്കാരിന് മുന്നില്‍ ഇനിയുള്ള തടസം, ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കുക എന്നതാണ്. ഹൈക്കോടതി വരെ എത്തിയ വിഷയമാതിനാല്‍ ഒരു പക്ഷേ ഗവര്‍ണര്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ സാധ്യതയില്ല. നിയമോപദേശം തേടിയേക്കാം. അപ്പോഴേക്കും ദിവസങ്ങള്‍ വൈകും. അതോടെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കുന്നതിനും കാലതാമസമുണ്ടാകും.
Recommended Video
ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പിടിക്കുന്ന തുക എന്തിന് വേണ്ടി ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications