ശമ്പളം കിട്ടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; നാളെ അവധി, താളം തെറ്റിച്ചത് അവസാന നിമിഷത്തിലെ നീക്കം
തിരുവനന്തപുരം: മെഡിസെപ് പ്രീമിയം സംബന്ധിച്ച ആശയക്കുഴപ്പം സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കി. പുതുവര്‍ഷ ദിനത്തില്‍ ശമ്പളം കിട്ടേണ്ട മിക്ക ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. മെഡിസെപ് പ്രീമിയവുമായി ബന്ധപ്പെട്ട് അവസാന നിമിഷം എടുത്തു തീരുമാനങ്ങളാണ് ബില്ലുകള്‍ തിരിച്ചയക്കുന്നതിലേക്കും ശമ്പളം വൈകുന്നതിലേക്കും നയിച്ചത്.
വെള്ളിയാഴ്ച മന്നം ജയന്തി ആയതിനാല്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. ഇതോടെ രണ്ടാം തിയ്യതിയും ശമ്പളം കിട്ടില്ലെന്ന് ഉറപ്പായി. മൂന്നാം തിയ്യതി ശനിയാഴ്ചയാകും ശമ്പളം ലഭിക്കാന്‍ സാധ്യത. ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധാരണ ശമ്പളം കിട്ടുക. ഒന്നാം തിയ്യതി കിട്ടുന്നവര്‍ക്ക് വൈകിയതോടെ മറ്റുള്ളവര്‍ക്കും ശമ്പളം വൈകും. ശനിയാഴ്ചയും ശമ്പളം ക്രെഡിറ്റായില്ലെങ്കില്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

മെഡിസെപ് ഒന്നാംഘട്ട പദ്ധതി പ്രകാരം ഓരോ മാസവും 500 രൂപയുടെ പ്രീമിയം ആണ് പിടിച്ചിരുന്നത്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചു. രണ്ടാംഘട്ടത്തില്‍ 810 രൂപ പ്രീമിയം തുകയായി പിടിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ ജനുവരി 31 വരെ ഒന്നാം ഘട്ടം നീട്ടാന്‍ തീരുമാനിച്ചു. അതിനകം തന്നെ 810 പ്രീമിയം വച്ചുള്ള ബില്ല് ഓഫീസുകള്‍ ട്രഷറികളിലേക്ക് അയച്ചിരുന്നു.
അവസാന നിമിഷത്തിലേക്ക് നടപടികള്‍ എത്തിയതാണ് ശമ്പളം താളംതെറ്റിച്ചത്. മുന്‍ ഉത്തരവ് പ്രകാരം 810 രൂപ പിടിച്ചുള്ള ശമ്പള ബില്ലുകളാണ് ട്രഷറികളിലേക്ക് അയച്ചത്. പിന്നീടാണ് 500 രൂപ പിടിച്ചാല്‍ മതി എന്ന നിര്‍ദേശം വന്നത്. ഇതോടെ ബില്ലുകള്‍ ട്രഷറികളില്‍ നിന്ന് ഓഫീസുകളിലേക്ക് തിരിച്ചയച്ചു. ഇനി ഈ ബില്ലുകള്‍ റദ്ദാക്കിയ ശേഷം പുതിയ ബില്ല് തയ്യാറാക്കി ട്രഷറികളിലേക്ക് അയക്കണം.
ശമ്പളം നല്‍കുന്ന ക്രമം ഇങ്ങനെ
ശമ്പള വിതരണ സംവിധാനമായ സ്പാര്‍ക്കില്‍ തിരക്ക് കൂടിയതോടെ നടപടികള്‍ വീണ്ടും വൈകി. എല്ലാ ഓഫീസുകള്‍ക്കും ബില്ലുകള്‍ നല്‍കാന്‍ ബുധനാഴ്ച വൈകിയും സാധിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ചയാണ് പല ഓഫീസുകളില്‍ നിന്നും പുതിയ ബില്ലുകള്‍ പോയത്. ഇതുപ്രകാരം ഇന്ന് എല്ലാവര്‍ക്കും ശമ്പളം നല്‍കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച അവധിയായതിനാല്‍ ശനിയാഴ്ചയാകും ശമ്പളം എത്തുക.
എന്നാല്‍ രണ്ടാം പ്രവൃത്തിദനത്തില്‍ ശമ്പളം ലഭിക്കുന്നവര്‍ ഒരുപക്ഷേ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. മൂന്നാം പ്രവൃത്തിദിനം ശമ്പളം ലഭിക്കുന്നവര്‍ അഞ്ചാം തിയ്യതി വരെയും കാത്തിരിക്കേണഅടി വരും.
കോടതി, പോലീസ്, ഫയര്‍ ഫോഴ്‌സ്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാണ് ആദ്യ പ്രവൃത്തിദിനത്തില്‍ ശമ്പളം നല്‍കുക. വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് രണ്ടാം ദിനം ശമ്പളം കിട്ടും. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മൂന്നാം പ്രവൃത്തിദിനമാണ് ശമ്പളം കിട്ടുക.
ജനുവരിയിലെ ശമ്പളം കിട്ടുക ഫെബ്രുവരി ആദ്യത്തിലായിരിക്കും. ഈ വേളയില്‍ മെഡിസെപ്പിന്റെ വര്‍ധിപ്പിച്ച പ്രീമിയം തുകയാകും പിടിക്കുക. ഭാര്യയും ഭര്‍ത്താവും ജോലിക്കാരാണെങ്കില്‍ ഒരാളില്‍ നിന്ന് മാത്രമേ പ്രീമിയം പിടിക്കാവൂ എന്ന ആവശ്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.












Click it and Unblock the Notifications