ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ; അതും 17 മാസത്തെ..ജീവനക്കാർക്ക് വമ്പൻ ലോട്ടറി
എട്ടാം ശമ്പള കമ്മീഷൻ ഉത്തരവിനായി കാത്തിരിക്കുകയാണ് കോടിക്കണക്കിന് വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർ. ഈ വർഷം ജനുവരിയിലാണ് കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്. പത്ത് മാസം പിന്നിട്ടെങ്കിലും ഔദ്യോഗിക വിജ്ഞാപനമോ കമ്മീഷൻ രൂപീകരണമോ ഉണ്ടായിട്ടില്ല. ഇതോടെ ഇനിയും കമ്മീഷൻ രൂപീകരണം വൈകുമോയെന്ന ആശങ്കയാണ് ജീവനക്കാർ പങ്കുവെയ്ക്കുന്നത്. എന്നാൽ ജീവനക്കാര്‍ക്ക് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026 ജനുവരി ഒന്ന് മുതൽ ശുപാർശകൾ നടപ്പിലാക്കുകയാണെങ്കിൽ, 17 മാസത്തെ കുടിശ്ശിക ഉൾപ്പെടെ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിശദമായി അറിയാം
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31 നാണ് അവസാനിക്കുന്നത്. സാധാരണ ഗതിയിൽ , ഒരു ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ റിപ്പോർട്ട് തയ്യാറാക്കാൻ ഏകദേശം 18 മുതൽ 24 മാസം വരെ സമയമെടുക്കാറുണ്ട്. അതിനുശേഷം, സർക്കാരിന് ഇത് അവലോകനം ചെയ്യാനും അന്തിമ അംഗീകാരം നൽകാനും മൂന്ന് മുതൽ ഒൻപത് മാസം വരെ സമയം വേണ്ടിവരും. ഉദാഹരണത്തിന് ഏഴാം ശമ്പള കമ്മീഷൻ 2014 ഫെബ്രുവരിയിലായിരുന്നു രൂപീകരിച്ചത്. 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 2016 ജനുവരി ഒന്ന് മുതലാണ് ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള പരിഷ്കരണം നടപ്പാക്കുന്നത്.

സമാനമായ സമയക്രമം എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിലും പിന്തുടരുകയാണെങ്കിൽ റിപ്പോർട്ട് 2027 ഏപ്രിലോടെ തയ്യാറാകും. എന്നിരുന്നാലും 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ശുപാർശകൾ നടപ്പിലാക്കുകയാണെങ്കിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകദേശം 17 മാസത്തെ കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശമ്പളം എത്ര വർധിക്കും
കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ വിശകലനം അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ പ്രകാരം ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 30,000 രൂപയായി വർധിച്ചേക്കാം. ഫിറ്റ്മെൻ്റ് ഫാക്ടർ ഏകദേശം 1.8 ആയാൽ ശമ്പള വർധനവ് ഏകദേശം 13 ശതമാനം വരെ ആകാം. ധനപരമായ ഭാരം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.6-0.8% വരും. കണക്കാക്കപ്പെടുന്ന സർക്കാർ ചെലവ് 2.4-3.2 ലക്ഷം കോടി രൂപയായിരിക്കും.
ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയാൽ ശമ്പളത്തിൽ 157 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കാലയളവിൽ, ഈ ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർന്നിരുന്നു.നിലവിലെ അടിസ്ഥാന ശമ്പളത്തെ ഗുണിക്കാൻ ഉപയോഗിക്കുന്ന സംഖ്യയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിനെ ആശ്രയിച്ചാണ് ശമ്പള പരിഷ്കരണം നടക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഈ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. 1947 മുതൽ ഇതുവരെ ഏഴ് കേന്ദ്ര ശമ്പള കമ്മീഷനുകളാണ് നിലവിൽ വന്നിട്ടുള്ളത്. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി ഓരോ 10 വർഷം കൂടുമ്പോഴും പുതിയ ശമ്പള കമ്മീഷനെ നിയമിക്കാറുണ്ട്.
2027 ഓടെ നടപ്പാക്കും?
കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ജീവിതച്ചെലവ് വർദ്ധിക്കുന്നതും പണപ്പെരുപ്പവും കണക്കിലെടുത്ത് നടപടിക്രമങ്ങൾ വൈകരുതെന്നാണ് ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നത്. എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ, 2027 സാമ്പത്തിക വർഷത്തിൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഇത് 17 മാസത്തെ കുടിശ്ശിക പേയ്‌മെന്റ് മാത്രമല്ല, ദശലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർക്ക് പരിഷ്കരിച്ചതും സന്തുലിതവുമായ ശമ്പളഘടനയും ഉറപ്പാക്കും. സർക്കാരിന്റെ അടുത്ത നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും.












Click it and Unblock the Notifications