സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടി; ഡിഎ വര്‍ധിപ്പിച്ചത് രണ്ട് ശതമാനം, നവംബറിലെ ശമ്പളത്തില്‍ കിട്ടും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്. ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ മൊത്തം ഡിഎ 37 ശതമാനം ആയി ഉയര്‍ന്നു. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്ന ഡിആറും രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഇതുവഴി സര്‍ക്കാരിന് 96 കോടി രൂപയുടെ അധികബാധ്യതയാണ് വരിക. നവംബര്‍ മാസത്തില്‍ ലഭിക്കുന്ന ശമ്പളത്തില്‍ പുതുക്കിയ നിരക്കാണ് കൈയ്യില്‍ കിട്ടുക.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചില ഡിഎ കുടിശികയായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയ ശേഷം കുടിശ്ശിക വരുത്തില്ല എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചതാണ്. ഇതുപ്രകാരമാണ് ഡിഎ-ഡിആര്‍ രണ്ടു ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. കേരള പിറവിയോട് അനുബന്ധിച്ചുള്ള സര്‍ക്കാരിന്റെ സമ്മാനമായും ഇതിനെ വിലയിരുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഡിഎ കുടിശ്ശിക അനുവദിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല.

വര്‍ഷത്തില്‍ രണ്ട് തവണയാണ് സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിക്കുക. വിപണിയിലെ വില സൂചികയില്‍ വരുന്ന മാറ്റത്തിന് അനുസൃതമായി സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണിത്. വിപണിയില്‍ വരുന്ന മാറ്റം നോക്കിയാണ് എത്ര ശതമാനം ഡിഎ വര്‍ധിപ്പിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇത്തവണ രണ്ട് ശതമാനമാണ് ഡിഎ വര്‍ധിപ്പിച്ചത്.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലുമാണ് ഡിഎ വര്‍ധിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ വീണ്ടും മാസങ്ങള്‍ എടുക്കും. കേന്ദ്ര സര്‍ക്കാര്‍ സാധാരണ ഏപ്രിലിലും ഒക്ടോബറിലുമാണ് ഡിഎ വര്‍ധനവ് പ്രഖ്യാപിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരും സമാനമായ സമയം തിരഞ്ഞെടുക്കും. ഈ വേളയില്‍ നഷ്ടമാകുന്ന മാസത്തെ ഡിഎ പുതിയ വര്‍ധനവിനൊപ്പം കിട്ടുന്നതാണ് പതിവ്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ 60 ശതമാനമാണ് ഡിഎ ലഭിക്കുന്നത്. അടുത്ത ഡിഎ വര്‍ധനവ് പ്രഖ്യാപനം ഈ മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രണ്ട് ശതമാനമാണോ അതോ മൂന്ന് ശതമാനമാണോ വര്‍ധിപ്പിക്കുക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ ശമ്പള വര്‍ധന അടുത്ത വര്‍ഷമുണ്ടാകും. എട്ടാം ശമ്പള കമ്മീഷന്‍ പഠനം നടക്കുകയാണ്. അടുത്ത ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


Click it and Unblock the Notifications
