ശമ്പളം മാര്‍ച്ചില്‍ കൂടും; ഏപ്രിലില്‍ വീണ്ടും വര്‍ധിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാതി ഹാപ്പി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ധനവ്. ക്ഷാമ ബത്ത കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തിടെ 3 ശതമാനം കുടിശ്ശിക അനുവദിച്ചിരുന്നു. ഇപ്പോള്‍ പത്ത് ശതമാനം കൂടി അനുവദിച്ചു. ഇതോടെ ക്ഷാമ ബത്ത പൂര്‍ണമായും ഉദ്യോഗസ്ഥര്‍ക്ക് കിട്ടാന്‍ പോകുകയാണ്. എന്നാല്‍ മുന്‍കാല പ്രാബല്യമില്ല എന്നതും എടുത്തു പറയണം.
സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ഷാമബത്ത പൂര്‍ണമായി നല്‍കാന്‍ പോകുന്നത്. പ്രഖ്യാപിച്ച ക്ഷാമബത്ത പൂര്‍ണമായും അനുവദിക്കണം എന്ന് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഈ വാക്ക് പാലിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

വര്‍ഷത്തില്‍ രണ്ട് തവണയാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമ ആശ്വാസവും വര്‍ധിപ്പിക്കാറുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഇതിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി നടന്നിരുന്നില്ല. എന്നാല്‍ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഏപ്രിലില്‍ കിട്ടുന്ന ശമ്പളത്തില്‍...
35 ശതമാനമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത. 22 ശതമാനമാണ് ഇതുവരെ നല്‍കിയിരുന്നത്. 13 ശതമാനം കുടിശ്ശികയായിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് ശതമാനം കുടിശ്ശിക നല്‍കുമെന്ന് അറിയിച്ച് ഉത്തരവിറക്കിയിരുന്നു. ഈ വര്‍ധനവ് മാര്‍ച്ചില്‍ കൈയ്യിലെത്തുന്ന ശമ്പളത്തിലുണ്ടാകും. അതേസമയം, ബാക്കി പത്ത് ശതമാനം കൂടി നല്‍കുന്ന ഉത്തരവാണ് ഒടുവില്‍ ഇറക്കിയിരിക്കുന്നത്.
പത്ത് ശതമാനം ഡിഎ കുടിശ്ശിക മാര്‍ച്ച് മാസത്തിലെ ശന്വളത്തിലാണ് ലഭിക്കുക. അതായത്, ഏപ്രിലില്‍ കൈയ്യിലെത്തുന്ന ശമ്പളത്തില്‍ ഈ തുക കൂടിയുണ്ടാകും. ഇതോടെ പ്രഖ്യാപിച്ച എല്ലാ ഡിഎ കുടിശ്ശികയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. എന്നാല്‍ മുന്‍കാല പ്രാബല്യമില്ല എന്നതാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. മാര്‍ച്ച് മുതല്‍ കുടിശ്ശിക ഇല്ലാതെ ക്ഷാമബത്ത ഉള്‍പ്പെടുത്തിയാകും ശമ്പളം കിട്ടുക.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സര്‍ക്കാര്‍ ഉത്തരവിന്റെ ഗുണം കിട്ടും. തദ്ദേശ സ്ഥാപനങ്ങള്‍ അധിക തുക അവരുടെ ഫണ്ടില്‍ നിന്ന് കണ്ടെത്തണം. കെഎസ്ആര്‍ടിസി, കെഎസ്ഇബി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ വര്‍ധനവ് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പിന്നീട് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 58 ശതമാനമാണ് ക്ഷാമ ബത്ത. അടുത്ത മാസം ഇത് 60 ശതമാനമാക്കി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഹോളിക്കും ദീപാവലിക്കും മുന്നോടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത പുതുക്കി നിശ്ചയിക്കുക. കൂടാതെ എട്ടാം ശമ്പള കമ്മീഷന്‍ പഠനം തുടങ്ങി എന്ന ആശ്വാസവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. കേരളത്തില്‍ പുതിയ ശമ്പള കമ്മീഷന്‍ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications