കേരളത്തിലും ശമ്പള വര്‍ധനവ്..! മിനിമം സാലറി 32000 രൂപ, പെന്‍ഷന്‍ 16150? നീക്കം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ശമ്പള കമ്മീഷന്‍ വഴിയായിരിക്കില്ല ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുക.
പകരം ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തും. കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധന വകുപ്പ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണ്. സാധാരണ, 10 മുതല്‍ 14 മാസം വരെ എടുത്താണ് ശമ്പള കമ്മിഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് മുന്‍പ് വരും എന്നതിനാലാണ് ശമ്പള കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനി പ്രഖ്യാപനം വേഗത്തിലാക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ 2019 ഒക്ടോബറിലാണ് 11-ാം ശമ്പള കമ്മിഷനെ നിയമിച്ചത്. 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം വിതരണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് 2021 മാര്‍ച്ച് മുതല്‍ ആണ് ശമ്പളം വിതരണം ചെയ്തത്.
2024 ജൂലൈ മുതല്‍ 12ാം ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക നാല് ഗഡുക്കളായി വിതരണം ചെയ്യും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ ഇനിയും രണ്ട് ഗഡുക്കള്‍ കൂടി കൊടുക്കാനുണ്ട്.
കുടിശ്ശികയടക്കം 28% ക്ഷാമബത്ത ( ഡി എ ) അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച ശേഷം അതിന്റെ 10% തുക വര്‍ധിപ്പിക്കുകയായിരുന്നു. ഇതിനായി അടിസ്ഥാന ശമ്പളം * 1.38 ഫിറ്റ്‌മെന്റ് ഘടകം = പുതിയ അടിസ്ഥാന ശമ്പളം എന്ന ഫോര്‍മുലയുണ്ടാക്കി. ഇതിന് സമാനമായ ഫോര്‍മുല വച്ച് ശമ്പള പരിഷ്‌കരണം നടപ്പാക്കാം. അതുകൊണ്ടാണ് ഇക്കുറി കമ്മിഷനെ നിയമിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
ശമ്പളത്തോടൊപ്പം അലവന്‍സുകളിലും വര്‍ധന പ്രതീക്ഷിക്കാം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയുമാണ്. കുറഞ്ഞ പെന്‍ഷന്‍ 11500 രൂപയാണ്. കൂടിയ പെന്‍ഷന്‍ 84000 രൂപയും.
ആളോഹരി വരുമാനത്തില്‍ 2178 രൂപയും 31% ഡി എ ആയ 7130 രൂപയും ശമ്പളത്തിനൊപ്പം ചേര്‍ക്കുന്നതോടെ കുറഞ്ഞ ശമ്പളം 32300 ആയും കുറഞ്ഞ പെന്‍ഷന്‍ 16150 രൂപയുമായും വര്‍ധിക്കും. നിലവില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടി വരുന്നത് 72000 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 74% മാണ്. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ തനത് വരുമാനം 93268.41 കോടി രൂപയാണ്.
ശമ്പള പരിഷ്‌കരണം നടത്തുകയും അവശേഷിക്കുന്ന 13% ഡി എ കുടിശിക കൊടുത്ത് തീര്‍ക്കുകയും ചെയ്താല്‍ ശമ്പള - പെന്‍ഷന്‍ ബാധ്യത സംസ്ഥാന വരുമാനത്തിന്റെ 110% ആയി വര്‍ധിക്കും എന്നാണ് കണക്കാക്കുന്നത്. അധികം ബാധ്യത വരാത്ത തരത്തില്‍ നിലവിലെ ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് അതിനൊപ്പം ഒരു നിശ്ചിത ശതമാനം കൂടി ചേര്‍ത്ത് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാം എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.












Click it and Unblock the Notifications