നഴ്‌സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്‌മെന്റിന്'
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ധനവില്‍ തീരുമാനമെടുക്കേണ്ടത് ആശുപത്രി മാനേജ്‌മെന്റുകളാണ് എന്ന് തൊഴില്‍ - വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിനായി, നഴ്സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മിനിമം വേതന കമ്മിറ്റി ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചില ആശുപത്രി മാനേജ്മെന്റുകള്‍ കോടതിയില്‍ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത അംഗീകരിക്കുമ്പോള്‍ തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ട ഉത്തരവാദിത്തം ആശുപത്രി മാനേജ്മെന്റുകള്‍ക്കാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

'സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും മാനേജ്മെന്റുകള്‍ ഉറപ്പാക്കണം,' അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച മിനിമം വേതന കമ്മിറ്റി തീരുമാനം മാനേജ്‌മെന്റ്്പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറഞ്ഞ വേതനം 40000 രൂപയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
വര്‍ധിച്ച് വരുന്ന ജീവിതച്ചെലവിന് അനുസൃതമായി നഴ്സുമാരുടെ ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം എന്നാണ് യുഎന്‍എ നിലപാട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും യുഎന്‍എ വ്യക്തമാക്കി.
തിങ്കളാഴ്ച വരെ അടിയന്തര ചികിത്സകള്‍ക്കായുള്ള സേവനം തുടരും. തിങ്കളാഴ്ച മുതല്‍ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കും എന്നാണ് നഴ്‌സുമാര്‍ അറിയിച്ചിട്ടുള്ളത്. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ത്യശൂരില്‍ നിന്ന് തിരുവനന്തപുരം വരെ കാല്‍നട യാത്രയ്ക്കും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതിന് പുറമെ ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി റിപ്പോര്‍ട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പൂര്‍ണമായും നടപ്പിലാക്കുക, വീരകുമാര്‍ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്സിങ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ നടപ്പിലാക്കുക, എന്‍എച്ച്എം, പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയില്‍ നടപ്പിലാക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പിഎസ്‌സി വഴി സ്ഥിര നിയമനങ്ങള്‍ നടപ്പിലാക്കുക, സ്റ്റാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎന്‍എയുടെ മറ്റ് ആവശ്യങ്ങള്‍.












Click it and Unblock the Notifications