ഡിഎ കുടിശ്ശിക തടയില്ലെന്ന് ധനമന്ത്രി; 'പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി'
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡിഎ കുടിശിക അടക്കം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഒരു ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടഞ്ഞുവെക്കില്ല എന്നും ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്നും ക്ഷാമബത്ത നല്‍കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

'ജീവനക്കാര്‍ക്ക് ക്ഷാമബത്ത കുടിശിക ഉള്‍പ്പെടെയുള്ള തുക നല്‍കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇതില്‍ സര്‍ക്കാരിന് വേറൊരു നിലപാടുമില്ല. ജീവനക്കാരും പെന്‍ഷന്‍കാരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ജീവനക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ക്ഷാമബത്ത നല്‍കുന്നത് സര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്,' അദ്ദേഹം പറഞ്ഞു.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിന്റെ കുടിശിക സര്‍ക്കാര്‍ ഘട്ടങ്ങളായി നല്‍കി വരികയാണ് എന്നും കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഡിഎ മുടക്കിയിട്ടും കേരളം ശമ്പളം കൃത്യമായി നല്‍കിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് തുടങ്ങിയ പുതിയ പദ്ധതികള്‍ ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസ്സുകള്‍ കേരളത്തിന് നഷ്ട്ടമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകള്‍ ഉണ്ടായി. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്.
മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇത് 50 മുതല്‍ 72 ശതമാനം വരെയാണ് എന്നും സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2013 ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ പിന്‍വലിക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതാണ്.
എന്നാല്‍ പത്തു വര്‍ഷം ഭരിച്ചിട്ടും ഈ വാഗ്ദാനം നടപ്പായില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമ്പോഴും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേയ്ക്ക് മടങ്ങിപ്പോകാതെ ജീവനക്കാര്‍ ശമ്പളത്തില്‍ നിന്ന് വിഹിതം അടയ്‌ക്കേണ്ട അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്നാണ് പ്രഖ്യാപനം. അതേസമയം ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്‌കരണവും ആവശ്യപ്പെട്ട് സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിലാണ്.












Click it and Unblock the Notifications