ഹലോ 'പരേതന്‍' സലിം കുമാര്‍ സ്പീക്കിംഗ്!
കൊച്ചി: ഹലോ, പരേതന്‍ സലിം കുമാര്‍ സ്പീക്കിംഗ് - മാധ്യമങ്ങളില്‍ വരുന്ന സ്വന്തം മരണവാര്‍ത്ത വായിക്കുന്നതിനിടെ കാര്യമറിയാന്‍ വിളിച്ച നാദിര്‍ഷയോടാണ് സലിം കുമാര്‍ ഇങ്ങനെ പറഞ്ഞത്. ഏഷ്യാനെറ്റ് റേഡിയോയുമായി സംസാരിക്കവേ നാദിര്‍ഷ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ആളുകള്‍ സലിം കുമാറിനെ ശല്യപ്പെടുത്തരുതെന്നും അദ്ദേഹം സ്വന്തം മരണവാര്‍ത്ത കാണുന്ന തിരക്കിലാണെന്നും നാദിര്‍ഷ പറയുന്നു.
സ്വന്തം മരണവാര്‍ത്ത കാണുന്നത് തനിക്ക് പുതുമയുള്ള കാര്യമൊന്നുമല്ല എന്നാണ് സലിം കുമാര്‍ പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ അഞ്ചോ ആറോ പ്രാവശ്യം തന്നെ കൊന്നുകളഞ്ഞിട്ടുണ്ട്. എന്തായാലും മഹാനടന്‍ സലിം കുമാര്‍ അന്തരിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുന്നുത്, മരണ വാര്‍ത്തയിലാണെങ്കിലും തന്നെ മഹാനാക്കിയതില്‍ നന്ദിയുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞതായും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ജീവിച്ചിരിക്കുന്നവരെ പത്രക്കാരും സോഷ്യല്‍ മീഡിയയും ചേര്‍ന്ന് കൊല്ലുന്നത്. കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ യു എന്‍ അനന്തമൂര്‍ത്തിയെ നേരത്തെ കൊന്നവരില്‍ മലയാളത്തിലെ പ്രമുഖ പത്രങ്ങളും പെടും. നടന്‍ തിലകന്റെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു. തിലകന്‍ മരിക്കുന്നതിനും എത്രയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തിലകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഓണ്‍ലൈന്‍ എഡിഷനുകളിലൂടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം ഈ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്യുന്നു. സലിം കുമാര്‍ കഴിഞ്ഞ ആഴ്ച പ്രഷര്‍ കൂടി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് ആദരാഞ്ജലി അര്‍പ്പിച്ച് വാര്‍ത്തയും പോസ്റ്റുകളും വന്ന് തുടങ്ങിയത്. സലിം കുമാറിന്റെ അടുത്തിടെ കണ്ട ചിത്രങ്ങളിലെല്ലാം വളരെ ക്ഷീണിതനാണ് എന്നും ഇതിന്റെ കാരണം എന്താണ് എന്നുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.












Click it and Unblock the Notifications