'പിണറായിയെ സതീശന്‍ മൂക്ക് കൊണ്ട് റൃത്വിക് റോഷന്‍ എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ
പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംവാദത്തിന് വെല്ലുവിളിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് നടന്‍ സലിം കുമാര്‍. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുളളൂ, പുലിമടയില്‍ കൊണ്ട് തല വെക്കരുത് എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സലിം കുമാര്‍ പരിഹാസരൂപേണ പ്രതികരിച്ചത്.
വിഡി സതീശന്‍ നേരത്തെ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ലോട്ടറി സംവാദത്തിന് തോമസ് ഐസകിനെ വെല്ലുവിളിച്ചിരുന്നു. അന്ന് വിഡി സതീശന്‍ ഐസകിനെ മൂക്ക് കൊണ്ട് ധൃതരാഷ്ട്രര്‍ എന്ന് എഴുതിച്ചു. പിണറായി ചെന്നാല്‍ വിഡി സതീശന്‍ മൂക്ക് കൊണ്ട് റൃത്വിക് റോഷന്‍ എന്ന് എഴുതിക്കും. ദയവ് ചെയ്ത് പോകരുത്. നമ്മുടെ മുഖ്യമന്ത്രിയാണ്, പോകരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന, സലിം കുമാര്‍ പരിഹസിച്ചു.
യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ സലിം കുമാറിനെതിരെ മാനസിക വൈകല്യമുളളവരെ കളിയാക്കിയെന്ന പരാതിയിന്മേല്‍ കേസെടുത്തിട്ടുണ്ട്. അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത് എന്നും നടന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് അവര്‍ പരാതി കൊടുത്തിരിക്കുന്നത്. എന്നാല്‍ പിന്‍വലിയാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും സലിം കുമാര്‍ വ്യക്തമാക്കി.

കേരളം അമേരിക്കയേക്കാള്‍ മികച്ചതെന്ന് പറഞ്ഞ പയ്യനെ പിന്നെ കണ്ടത് ഊളംപാറയില്‍ ആണെന്ന സലിം കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഊളംപാറ എന്നൊരു സ്ഥലമോ മാനസികാരോഗ്യ കേന്ദ്രമോ താന്‍ പറഞ്ഞ വ്യക്തികളോ ഉളളതല്ല. പിന്നെ എന്തിനാണ് തനിക്കെതിരെ പരാതി എന്ന് അറിയില്ല.
അവരുടെ അഡ്രസ് ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അത് തന്നാല്‍ അവരോട് മാപ്പ് പറഞ്ഞേക്കാം. ഒരു വ്യവസായിയും ഒരു പയ്യനുമാണെന്നാണ് പറഞ്ഞത്. ഈ രണ്ട് പേരുടെ അഡ്രസ് തന്നാല്‍ കാല് പിടിച്ച് മാപ്പ് പറയാം. ഇല്ലാത്ത ഒരു കഥയ്ക്ക് ഒരു ട്രോളുണ്ടാക്കി എന്ന് മാത്രമേ താന്‍ ചെയ്തിട്ടുളളൂ, സലിം കുമാര്‍ കൂട്ടച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ കൊടി പിടിക്കാന്‍ ആറാം വയസ്സില്‍ തുടങ്ങിയതാണ്. അന്ന് ഭയന്നിട്ടില്ല. പിന്നെയാണോ ഇപ്പോള്‍. ഒരു സ്‌റ്റേജില്‍ മാത്രം പ്രസംഗിക്കാന്‍ പോകണം എന്ന് ആഗ്രഹിച്ച ആളാണ്. ഇവരാണ് തന്നെ തോണ്ടി തോണ്ടി എല്ലായിടത്തും എത്തിച്ചിരിക്കുന്നത്. കൊയിലാണ്ടിയിലും പത്തനാപുരത്തും എല്ലായിടത്തും ഇപ്പോള്‍ പ്രചാരണത്തിന് പോയിക്കൊണ്ടിരിക്കുകയാണ് എന്നും സലിം കുമാര്‍ പറഞ്ഞു. തന്നെ പേടിപ്പിച്ച് വീട്ടിൽക്കയറ്റി ഇരുത്താൻ നോക്കുകയാണ്, ഇത് കണ്ണൂരല്ല എറണാകുളം ആണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications