ദിലീപിന് പിന്തുണയുമായി സലീം കുമാർ; പൾസർ സുനി അന്തം വിട്ട പ്രതി! എന്തും ചെയ്യും!!
ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം.
തിരുവനന്തപുരം: ദിലീപിനും നാദിർഷയ്ക്കും പിന്തുണയുമായി നടൻ സലീംകുമാർ രംഗത്ത്. നടൻ ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരിസഹോദരന്മാരാൽ രചിക്കപ്പെട്ട ഒരു തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആദ്യ ട്വിസ്റ്റ് നമ്മൾ 2013 -ൽ കണ്ടതാണ്.ദിലീപ് -മഞ്ജു വാരിയർ ഡിവോഴ്സ്. പിന്നീട് പലരാൽ പല വിധത്തിൽ ആ കഥയ്ക്ക് മാറ്റം വരുത്തിയെന്ന് സലീം കുമാർ പറഞ്ഞു.
ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണ് വെളിവാക്കുന്നത്. സംഭവം നടന്നു അഞ്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴാണ് മറ്റൊരു വഴിത്തിരിവിൽ എത്തി ചേർന്നിരിക്കുന്നത്. പൾസർ സുനി ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടു കൂടി എഴുതിയ ഒരു കത്ത് ഇന്നലെ മുതൽ ചില ചാനലുകൾ തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത എന്നെപോലുള്ളവർക്ക് ചില സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിലൊന്ന് ജില്ലാ ജയിലിൽ വെച്ച് ജയിലറിന്റെ സീലോടുകൂടി പൾസർ സുനി എഴുതി എന്ന് പറയപ്പെടുന്ന ബ്ലാക്ക്മെയിലിങ് സ്വരമുള്ള ഈ കത്ത് ആദ്യം ഏൽപ്പിക്കേണ്ടത് പോലീസിനെയോ മജിസ്‌ട്രേറ്റിനെയോ അല്ലേ എന്ന് സലീം കുമാർ ചേദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സലീംകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിൽ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾ. ഒരിക്കൽ പോലും ഫോണിൽ ബന്ധപെട്ടിട്ടില്ലാത്ത പൾസർ സുനി എന്നൊരാൾക്ക് ഒരു നടിയുടെ വീഡിയോക്ക് വേണ്ടി ഒന്നര കോടി രൂപ കൊടുക്കാം എന്ന് പറയാൻതക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. ഒരു കാര്യം സത്യമാണ് എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്ന് ചിരിക്കുന്നുണ്ട് .അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും അദ്ദേഹം പറയുന്നു.
ഇത് ഒരു സ്നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ല വേട്ടയാടപ്പെടുന്ന ഒരു നിരപരാധിയോടുള്ള സഹതാപമാണ് ഈ പ്രതികരണം എന്നോർക്കണം. ഞാൻ എഴുതുന്ന ഈ പോസ്റ്റിനു താഴെ വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ അച്ഛനെയും അമ്മയെയും സ്മരിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും കമന്റ് എഴുതും എന്ന് എനിക്കറിയാം. നിങ്ങൾക്ക് സ്വാഗതം കാരണം പ്രതികരണം ഏതു രീതിയിലും ആവാമല്ലോ. ദിലീപും നാദിർഷായും എന്റെ സ്നേഹിതന്മാരാണ്.അതിൽ ഞാൻ അഹങ്കരിക്കുന്നു. ആ അഹങ്കാരം ഉള്ളിൽ വെച്ചുകൊണ്ട് തന്നെ ഞാൻ പറയുന്നു. ഇവരെ രണ്ടു പേരെയും ഒരു ശാസ്ത്രീയ നുണ പരിശോധനക്കായി ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടുവരാമെന്നും സലീംകുമാർ പറയുന്നു.
സിനിമാക്കാർക്ക് ഒരായിരം സംഘടനകൾ ഉണ്ട് അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്തോ അവരാരും വേണ്ട രീതിയിൽ പ്രതികരിച്ചു കണ്ടില്ല.എന്റെ അറിവിൽ അദ്ദേഹം ഇല്ലാത്തതു ഈയടുത്തകാലത്തു തങ്ങളുടെ സുരക്ഷയ്‌ക്കായി സിനിമ രംഗത്തെ സ്‌ത്രീകൾ രൂപീകരിച്ച സംഘടനയിലാണ്. അവരെങ്കിലും ഇതിൽ പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദിലീപ് കുറ്റവാളി ആണെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷെ നിരപരാധി ആണെങ്കിൽ നമ്മൾ ഏൽപ്പിച്ച കളങ്കങ്ങൾ കഴുകി കളയേണ്ട ബാധ്യതയും നമുക്ക് തന്നെയാണ്.മാധ്യമങ്ങൾ സ്വന്തമായി വാർത്തകൾ സൃഷ്ടിച്ചു പ്രക്ഷേപണം ചെയ്യുന്ന ഈ കാലത്തു ദിലീപിന്റെ ഈ അവസ്ഥ നമ്മളിലേക്കെത്താനും അധിക ദൂരമൊന്നുമില്ലെന്നറിയുകയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.












Click it and Unblock the Notifications