മകള്‍ പ്രതി, സലീം രാജിന്റെ ഭാര്യാപിതാവ് മരിച്ചു
തൊടുപുഴ: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ തന്റെ മകളും പ്രതിയാണെന്നറിഞ്ഞതില്‍ മനംനൊന്ത് സലീം രാജിന്റെ ഭാര്യാപിതാവ് ഹൃദയാഘാതം മൂലം മരിച്ചു. നെടുങ്കണ്ടം വേലശ്ശേരിയില്‍ ഷറഫുദ്ദീന്‍ ആണ് മരിച്ചത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനേയും ഭാര്യയും ലാന്‍ഡ് റവന്യൂ കമ്മീഷണേറ്റിലെ ഉദ്യോഗസ്ഥയും ആയ ഷംഷാദയേയും പ്രതിചേര്‍ത്തുകൊണ്ടാണ് ഏപ്രില്‍ 26 ശനിയാഴ്ച സിബിഐ അന്വേഷണ സംഘം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഈ വിവരം അറിഞ്ഞപ്പോള്‍ ഷറഫുദ്ദീന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരിച്ചു.

ഹൃദയാഘാതമാണ് മരണകാരണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഷോക്കായിരിക്കാം കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജ് 21-ാം പ്രതിയാണ്. ഷംഷാദ 22-ാം പ്രതിയും. ശനിയാഴ്ചയാണ് സിബിഐ തിരുവനന്തപുരത്തെ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെ പ്രതി ചേര്‍ത്തിട്ടില്ല.
സലീം രാജ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തട്ടിപ്പിനായി രാഷ്ട്രീയ സ്വാധീനവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന തന്റെ പദവിയും ഉപയോഗിച്ചു. ഭാര്യ ഷംഷാദും ഇതിന്റെ ഭാഗമായെന്നും സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.












Click it and Unblock the Notifications