'സല്യൂട്ട്'... ഇതാ കാക്കിയ്ക്കുളളിലെ കഥാഹൃദയങ്ങള്‍! 20 പോലീസുകാരുടെ ചെറുകഥകള്‍
കണ്ണൂര്‍: കാക്കിയ്ക്കുള്ളിലെ കലാഹൃദയം എന്ന് പറയുമ്പോള്‍ പെട്ടെന്ന് ശ്രീനിവാസന്റെ ആ പോലീസ് കഥാപാത്രവും പാട്ടുമൊക്കെ ആയിരിക്കും മിക്കവര്‍ക്കും മനസ്സിലേക്കെത്തുക. അങ്ങനെയൊരു തമാശയില്‍ ഒതുക്കേണ്ടതല്ല പോലീസുകാരിലെ കലാകാരന്‍മാരെ. കാക്കിയുടുപ്പ് ഇടുന്നവര്‍ മറ്റെല്ലാവരേയും പോലെ മനുഷ്യരാണല്ലോ.
കാക്കിയ്ക്കുള്ളിലെ കഥാഹൃദയങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കഥയെഴുതുന്ന പോലീസുകാര്‍ എന്ന് കേട്ടാലും ആരും ഞെട്ടേണ്ടതില്ല. എണ്ണംപറഞ്ഞ 20 കഥകളുമായി ഒരു പുസ്തകം പുറത്തിറങ്ങുകയാണ്. ആ പുസ്തകത്തിന്റെ പേരാണ് 'സല്യൂട്ട്'.

എഡിജിപി റാങ്ക് മുതല്‍ സാധാരണ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ള 20 പേരുടെ കഥകളാണ് 'സല്യൂട്ട്' എന്ന സമാഹാരത്തിലുള്ളത്. എഡിജിപി ബി സന്ധ്യയുടേതാണ് ആദ്യകഥ. ബി സന്ധ്യ തന്നെയാണ് പുസ്തകത്തിന്റെ എഡിറ്ററും. അമ്പതില്‍പരം രചനകളില്‍ നിന്നാണ് 20 കഥകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ നിന്നുള്ള ജിവി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധാകര്‍.
കെആര്‍ രജീഷ്, വിനയന്‍ അമ്പാടി, കെപി സതീഷ്, മനോജ് പറയറ്റ, സാജു സാമുവല്‍, ടി വിനോദ് കുമാര്‍, സുകുമാരന്‍ കാരാട്ടില്‍, രാധാകൃഷ്ണന്‍ ആയഞ്ചേരി, പിആര്‍ അനീഷ്, പിബി ദിനേശ്, കെഎം അനില്‍ കുമാര്‍, മിഥുന്‍ എസ് ശശി, സുരേശന്‍ കാനം, ജോഷി എം തോമസ്, പ്രേമന്‍ മുചുകുന്ന്, അനൂപ് ഇടവലത്ത്, സികെ സുജിത്ത്, സജീവ് മണക്കാട്ടുപുഴ, കെകെ പ്രേമലത എന്നിവരുടെ കഥകളാണ് 'സല്യൂട്ടില്‍' ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉദ്യമം. 199 രൂപയാണ് പുസ്തകത്തിന്റെ മുഖവില.












Click it and Unblock the Notifications