തുടരും എന്റെ സിനിമ മോഷ്ടിച്ച് ചെയ്തത്, മഞ്ജു വാര്യരും ടൊവീനോയും വായിച്ചതാണ്';ആരോപണവുമായി സനൽ കുമാർ ശശിധരൻ
തീയറ്ററിൽ വൻ വിജയം സമ്മാനിച്ച ചിത്രമായിരുന്ന മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കിയ തുടരും. റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് ചിത്രം 200 കോടി ക്ലബ്ലിൽ ഇടംപിടിച്ചു. മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവാണ് ചിത്രമെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. സിനിമ ഒടിടിയിലെത്തിയപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഗുരുതര ആരോപണം ഉയർത്തുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ സിനിമ മോഷ്ടിച്ചാണ് തുടരും ഉണ്ടാക്കിയത് എന്നാണ് സനൽ കുമാർ ആരോപിക്കുന്നത്. സിനിമയുടെ കഥ മഞ്ജു വാര്യരും ടൊവീനോയുമൊക്കെ വായിച്ചതാണെന്നും സനൽകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം
'തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ.

"കൊന്നാൽ പാപം തിന്നാൽ തീരും" എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്', സനൽ കുമാർ പറഞ്ഞു. അതേസമയം തുടരുമിന്റെ സംവിധായകനായ തരുൺ മൂർത്തിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കെആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സിനിമയ്ക്ക് വേണ്ടി ആദ്യം മറ്റ് പല സംവിധായകരേയും സമീപിച്ചെങ്കിലും അത് വർക്കായില്ലെന്നും തരുണിന് നന്നായി എഴുതാനും കൂടി അറിയുമെന്നതിനാലാണ് നിർമ്മാതാവായ രഞ്ജിത്ത് അദ്ദേഹത്തെ സമീപിച്ചതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ടാക്സി ഡ്രൈവറായ ഷൺമുഖം എന്ന ബെൻസിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആംബാസഡർ കാർ പോലീസ് അന്യായമായി പിടിച്ചെടുക്കുന്നതും അതിനിടയിൽ വെളിപ്പെടുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. കഥാന്തത്തിൽ വലിയ രാഷ്ട്രീയവും സിനിമ പങ്കുവെയ്ക്കുന്നുണ്ട്. മോഹൻലാലിനെ കൂടാതെ ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.












Click it and Unblock the Notifications