തനിക്കെതിരായ നടിയുടെ പരാതി കള്ളമെന്ന് സനൽ കുമാർ ശശിധരൻ, ''എല്ലാ തെളിവുകളും കൈവശമുണ്ട്''
സ്ത്രീത്വത്തെ അപമാനിച്ചു എന്നുളള നടിയുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. നിലവിൽ അമേരിക്കയിലുളള ഇയാൾക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. സനലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുളള ശ്രമവും പോലീസ് നടത്തുന്നുണ്ട്.
അതേസമയം തനിക്കെതിരെയുളള പരാതി കള്ളമാണെന്ന് സനൽ കുമാർ ശശിധരൻ ആരോപിക്കുന്നു. താൻ പുറത്ത് വിട്ട ശബ്ദരേഖ നടിയുടേതാണ് എന്നതിന് തെളിവുണ്ടെന്നും ന്യൂസ് 18 കേരളത്തോട് സനൽ കുമാർ പ്രതികരിച്ചു.
സനൽ കുമാർ ശശിധരന്റെ വാക്കുകളിലേക്ക്: '' കഴിഞ്ഞ രണ്ട് വര്‍ഷമായി നടിയും താനും തമ്മില്‍ സംസാരിക്കുന്നുണ്ട്. അവര്‍ തന്നോട് പറഞ്ഞത് അവരുടെ ജീവന് ഭീഷണിയുണ്ട്. താനുമായി ബന്ധപ്പെട്ടു എന്ന് അറിഞ്ഞാല്‍ തന്നെ അവരുടേയും മകളുടേയും ജീവന് ഭീഷണിയുണ്ട് എന്നാണ് തന്നോട് പറഞ്ഞത്. അതുകൊണ്ടാണ് ശബ്ദരേഖ പബ്ലിഷ് ചെയ്യുകയും പുറം ലോകത്തോട് പറയുകയും ചെയ്തത്.അതിനകത്ത് സത്രീത്വത്തെ അപമാനിക്കുന്ന ഒന്നും ഇല്ല. അത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.

പരാതി കളളമാണ്. ശബ്ദരേഖ പുറത്ത് വിട്ടപ്പോള്‍ അവര്‍ പരസ്യമായി പ്രതികരിക്കുകയോ തന്നെ വിളിച്ച് സംസാരിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. അവരുടേതല്ലെങ്കില്‍ അത് പറയുകയാണ് വേണ്ടത്. 3 വര്‍ഷം മുന്‍പ് തനിക്കെതിരെ കളളക്കേസ് കൊടുത്തിട്ടുണ്ട്. അതില്‍ ഇതുവരെ നടിയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല.
തന്നെ അറിയാത്ത ആളല്ല അവര്‍. തന്റെ സിനിമയില്‍ അഭിനയിക്കുകയും അടുത്ത സിനിമയിലും അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്ത ആളാണ്. അവര്‍ക്ക് തന്നെ വിളിച്ച്, സനല്‍ ഇത് ഞാനല്ല, മറ്റാരോ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറയാം. അല്ലെങ്കില്‍ പോസ്റ്റ് ഇടുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്യാം. എന്തുകൊണ്ടാണ് അത് ചെയ്യാത്തത്. ശബ്ദരേഖയില്‍ അവര്‍ പറയുന്നുണ്ട് ഈ കേസില്‍ എനിക്കൊന്നും ചെയ്യാനില്ലെന്ന്. അത് തന്റെ ശബ്ദരേഖ അല്ലെന്ന് അവര്‍ പറഞ്ഞിട്ടില്ല.
രണ്ട് വര്‍ഷം മുന്‍പ് ഒരു ഫേക്ക് ഐഡിയില്‍ അവര്‍ തന്നെ ബന്ധപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് അവര്‍ പറഞ്ഞു, സനല്‍ നിങ്ങള്‍ പോയ്‌ക്കോളൂ, എന്റെ ജീവിതം തീര്‍ന്നു. എനിക്ക് വേറെ എന്നും ചെയ്യാന്‍ പറ്റില്ല എന്ന്. അതറിയുമ്പോള്‍ താന്‍ അത് പൊതുസമൂഹത്തിനോട് പറയാതിരിക്കാനാകുമോ. ആ ശബ്ദരേഖ ആദ്യം അവരുടെ സഹോദരനും സുഹൃത്തുക്കള്‍ക്കും വാട്‌സ്ആപ്പില്‍ അയച്ച് കൊടുത്തു. അരമണിക്കൂറിനകം തന്റെ വാട്‌സ്ആപ്പ് ബ്ലോക്കായി. അത് കഴിഞ്ഞാണ് ശബ്ദരേഖ പബ്ലിഷ് ചെയ്തത്.
8 ദിവസം കഴിഞ്ഞ് ആളുകള്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയപ്പോഴാണ് അവര്‍ കേസ് കൊടുക്കുന്നത്. ഇതുവരെ നടിക്ക് തന്നോട് നേരിട്ട് സംസാരിക്കാനായിട്ടില്ല. തന്നോട് പറഞ്ഞത് എന്റെ ലോകത്ത് സനല്‍ കുമാര്‍ ശശിധരന്‍ എന്ന ആളില്ല. ഉണ്ട് എന്ന് അറിഞ്ഞാല്‍ നടി ജീവിച്ചിരിക്കില്ല എന്നാണ്. അതുകൊണ്ടാണ് വളഞ്ഞ വഴി സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ആ ശബ്ദരേഖയില്‍ സ്ലാംഗ് മാറ്റിയാണ് സംസാരിച്ചിരിക്കുന്നത്. അവരെ അറിയുന്നവര്‍ക്ക് ആ ശബ്ദം മനസ്സിലാകും.
നടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് വേറെ ആരോ ആണ്. അവര്‍ക്ക് അതില്‍ നിയന്ത്രണം ഇല്ലെന്നാണ് അവര്‍ തന്നോട് പറഞ്ഞത്. അവരെ ആരാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന് തനിക്ക് അറിയില്ല. അക്കാര്യം ഫോണില്‍ പറയാന്‍ പറ്റില്ല, നേരിട്ട് പറയാനേ പറ്റൂ എന്നാണ് തന്നോട് നടി പറഞ്ഞിട്ടുളളത്. രണ്ട് വര്‍ഷമായി രാത്രിയും പകലും തങ്ങള്‍ സംസാരിക്കുന്നുണ്ട്. അത് നടി തന്നെയാണ് എന്നതിന് തന്റെ കയ്യില്‍ തെളിവുണ്ട്''.
നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ആയത് കൊണ്ടാണ് നാട് വിടേണ്ടി വന്നത്. ഇവിടെ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. ജീവന് ഭീഷണി ഉളളത് കൊണ്ടാണ് നാട് വിട്ടതെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു.












Click it and Unblock the Notifications