ബിജെപി ആയതിനാൽ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യൻ പൗരനെയും പുറത്താക്കില്ല, കുറിപ്പ്!
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ-വിദ്വേഷ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാറുണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മുസ്ലീം വിരുദ്ധതും വര്‍ഗീയതയും പ്രചരിപ്പിച്ച പലര്‍ക്കും ജോലി പോകുന്ന സാഹചര്യം ഈ കൊറോണക്കാലത്തും ഉണ്ടായിട്ടുണ്ട്.
അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ പുതിയ ക്യാംപെയ്‌ന് തുടക്കമിട്ടിരിക്കുകയാണ്. പ്രവാസി ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത ഫാസിസത്തിന് എതിരെയുളള പോരാട്ടം എന്നാണ് ക്യാംപെയ്ന്‍ നടത്തുന്നവരുടെ അവകാശവാദം. വിദേശത്ത് സംഘികള്‍ വളര്‍ത്തുന്ന ഫാസിസത്തെ ഇല്ലായ്മ ചെയ്യുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

ജോലി കളയുമെന്നും ഡി പോർട്ട് ചെയ്യുമെന്നും
'' ബിജെപി അനുഭാവികളായിപ്പോയി എന്നതിന്റെ പേരിൽ, ദേശീയ സാംസ്കാരിക സംഘടനകളുടെ ഭാഗമായതിന്റെ പേരിൽ , ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരെ ലിസ്റ്റ് ഇട്ട് കൈകാര്യം ചെയ്യുമെന്നും ജോലി കളയുമെന്നും ഡി പോർട്ട് ചെയ്യും എന്നൊക്കെ കുറെയാളുകൾ ഭീഷണി ഉയർത്തുകയാണ്. ഇന്തോ അറബ് ബന്ധത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമാണ് ഇക്കൂട്ടർ കൈക്കൊള്ളുന്നത്. പ്രവാസികൾ ഒറ്റക്കെട്ടായി ഒരുമയോടെ നിൽക്കേണ്ട ഘട്ടമാണിത്.

അനൗദ്യോഗിക അംബാസഡർമാർ
രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അറബ് രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ സൽപേര് കളയുന്ന പ്രചാരണത്തിന് ആരും കൂട്ടുനിൽക്കരുത്. രാജ്യത്തിന് പുറത്ത് നമ്മളെല്ലാവരും ഇന്ത്യയുടെ അനൗദ്യോഗിക അംബാസഡർമാർ ആണ്. നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ തീർക്കേണ്ടത് രാജ്യത്തിനകത്താണ് . അതിനിവിടെ ജനാധിപത്യ പോംവഴിയുണ്ട്.

നമ്മളെല്ലാവരും ഇന്ത്യക്കാരാണ്
ആ ജനാധിപത്യ വേദിയിൽ പരാജയപ്പെട്ടവർ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി കാത്തുനിൽക്കാനുള്ള ക്ഷമ കാണിക്കണം. രാജ്യം ആരു ഭരിച്ചാലും ലോകത്തിനുമുന്നിൽ നമ്മളെല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുടെ അഭിമാനം തകർക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന് ഗൾഫ് രാഷ്ട്രങ്ങളെ വേദിയാക്കരുത്. ഭാവിയിൽ അത്തരം പ്രചാരണം നടത്തുന്നവർക്കും അത് ദോഷമായി തന്നെ ഭവിക്കും.

മോദിക്ക് പരമോന്നത ബഹുമതി നൽകി
ബിജെപി അനുഭാവികൾ ആയിപ്പോയതിന്റെ പേരിൽ ഒരു അറബ് രാഷ്ട്രവും ഒരു ഇന്ത്യൻ പൗരനെയും പുറത്താക്കാൻ പോകുന്നില്ല. മുസ്ലിം വിരോധി എന്ന നിങ്ങളുടെ കള്ളപ്രചരണം വിശ്വസിക്കാതെ നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ചവരാണ് അറബ് ഭരണാധികാരികൾ എന്ന കാര്യമെങ്കിലും മിനിമം ഓർമ്മവേണം. അറബ് രാഷ്ട്ര തലവൻമാരുടെ ഏറ്റവും മികച്ച സുഹൃത്താണ് നരേന്ദ്രമോദിയും ബിജെപി സർക്കാരും.

ഇന്ത്യൻ ആണ് എന്നത് മറക്കരുത്
എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അറബ് രാഷ്ട്രങ്ങളെ സഹായിക്കാൻ ഇന്ത്യ മുന്നിലുണ്ടായിട്ടുണ്ട്. കൊറോണ ബാധയ്ക്കെതിരായ പോരാട്ടത്തിലും മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ നരേന്ദ്രമോദി സർക്കാർ ചെയ്തിട്ടുണ്ട്. ഇന്തോ അറബ് ബന്ധത്തെ തകർക്കുന്ന പ്രചാരണങ്ങളിൽ നിന്ന് ഓരോ ഉത്തരവാദിത്വബോധമുള്ള പൗരനും വിട്ടുനിൽക്കണം. ഇന്ത്യയ്ക്ക് പുറത്ത് ആത്യന്തികമായി നിങ്ങൾ കോൺഗ്രസുകാരനോ മാർക്സിസ്റ്റുകാരനോ ബിജെപിക്കാരനോ ഹിന്ദുവോ മുസൽമാനോ ക്രൈസ്തവനോ അല്ല , ഇന്ത്യൻ ആണ് എന്നത് മറക്കരുത്'' എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications