സന്ദീപ് വാര്യര്‍ പാണക്കാട്ടെ തറവാട്ടിലെത്തി, 'മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടി'
മലപ്പുറം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് തറവാട്ടില്‍ എത്തി. കെപിസിസിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് സന്ദര്‍ശനം. മുസ്ലീം ലീഗ് നേതാക്കള്‍ ഊഷ്മളമായ സ്വീകരണമാണ് സന്ദീപിന് നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തി..
യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങളെയും സന്ദീപ് വാര്യര്‍ കണ്ടു. ഇന്നലെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടിയുമായി അസ്വാരസ്യത്തിലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ സന്ദീപും നേതൃത്വവുമായുള്ള തര്‍ക്കം മൂര്‍ധന്യത്തിലെത്തി. സിപിഎമ്മിലേക്ക് എത്തിയേക്കും എന്ന സൂചനകള്‍ക്കിടെയാണ് സന്ദീപിന്റെ അപ്രതീക്ഷിതമായ കോണ്‍ഗ്രസ് പ്രവേശനം.

ബിജെപിയിലായിരിക്കുമ്പോള്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മുസ്ലീം ലീഗിനെതിരേയും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച ആളാണ് സന്ദീപ് വാര്യര്‍. എന്നാല്‍ സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍ സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം 'സ്വാഗതം ബ്രോ' എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് എന്നാണ് സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിര്‍ദേശ പ്രകാരമാണ് എന്നം അദ്ദേഹം പറഞ്ഞു. 'മുന്‍ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ കൈക്കൊണ്ടതാണ്.
വ്യക്തി ജീവിതത്തില്‍ മതനിരപേക്ഷ നിലപാടുകളാണ് ഉയര്‍ത്തിപ്പിടിച്ചത്,' സന്ദീപ് പറഞ്ഞു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനും സന്ദീപ് ഇന്നലെ എത്തിയിരുന്നു. യുഡിവൈഎഫ് നടത്തിയ റോഡ് ഷോയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പം സന്ദീപും പങ്കാളിയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരുടെ നേതൃത്വത്തില്‍ ആണ് സന്ദീപിനെ കോണ്‍ഗ്രസ് സ്വീകരിച്ചത്.
വെറുപ്പുമാത്രം ഉല്‍പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തന്റെ തെറ്റെന്നും വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ ആഹ്‌ളാദത്തിലാണ് താനെന്നുമാണ് സന്ദീപ് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യം വാഴുന്ന, ജനാധിപത്യത്തിന് വിലകല്‍പിക്കാത്ത സംവിധാനത്തിനമാണ് ബിജെപിയിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications