'കൊച്ചി ആയിരിക്കില്ല; അന്ന് മലപ്പുറം ആയിരിക്കും കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം, എഴുതിവച്ചോളൂ'
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശനം ചര്‍ച്ചയായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് വെള്ളാപ്പള്ളിക്കെതിരെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വെള്ളപ്പാള്ളിയെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഒരു സംഘപരിവാര്‍ അനുഭാവി മലപ്പുറത്തെ കുറിച്ച് പറഞ്ഞതില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് വാര്യര്‍ രംഗത്തുവന്നിരിക്കുന്നത്. ആ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് വിളിച്ചുവെന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തുഞ്ചന്‍ പ്രതിമ, നോമ്പ് കാലത്ത് കടകള്‍ തുറക്കില്ല, അമുസ്ലീങ്ങള്‍ പലായനം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തത വരുത്തുകയാണ് സന്ദീപ്. കുറിപ്പ് വായിക്കാം...

രാവിലെതന്നെ ഒരു മുതിര്‍ന്ന സംഘപരിവാര്‍ അനുഭാവിയുമായി ഇന്നലത്തെ മലപ്പുറം വിഷയത്തില്‍ ഫോണില്‍ ഒന്ന് തര്‍ക്കിക്കേണ്ടിവന്നു. അദ്ദേഹം പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയില്‍ മലപ്പുറത്തെ സംബന്ധിച്ച് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ നമ്പര്‍ തപ്പിപിടിച്ച് വിളിക്കുകയായിരുന്നു.
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്റെ എളിയ ശ്രമം.
അദ്ദേഹത്തിന്റെ ഒന്നാമത്തെ ആരോപണം തുഞ്ചന്‍ പ്രതിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് നേരത്തെയും ഞാന്‍ വിശദീകരിച്ചിട്ടുള്ളതാണ്. എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചതും, പിന്നീട് എംടിയുടെ അഭിപ്രായപ്രകാരം പ്രതിമയ്ക്ക് ഭംഗി പോരാ എന്ന് അഭിപ്രായപ്പെട്ട് പകരം ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചതും. അതില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചന്‍ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വര്‍ഷം മുന്‍പ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
രണ്ട് നോമ്പുകാലത്ത് മലപ്പുറത്ത് ഭക്ഷണം കിട്ടുന്നില്ല എന്ന അദ്ദേഹത്തിന്റെ ആക്ഷേപമായിരുന്നു. അത് പൂര്‍ണ്ണമായും വസ്തുതാ വിരുദ്ധമാണ്. 70% മുസ്ലീങ്ങള്‍ ഉള്ള മലപ്പുറം ജില്ലയില്‍ സ്വാഭാവികമായും നോമ്പ് സമയത്ത് 70% ഹോട്ടല്‍ ബിസിനസും കുറവായിരിക്കും. ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഉണ്ടാവില്ല. ആ കാലത്ത് വലിയ കൂലിയും കൊടുത്ത് വൈദ്യുതി വെള്ളം ചാര്‍ജുകളും നല്‍കി ഹോട്ടല്‍ നടത്തിക്കൊണ്ടു പോകാന്‍ പല ഉടമസ്ഥര്‍ക്കും താല്പര്യമുണ്ടാകില്ല. നോമ്പ് എടുക്കുന്ന വിശ്വാസികള്‍ ആ സമയത്ത് ഭക്ഷണം പാചകം ചെയ്യാനും കച്ചവടം ചെയ്യാനും ഒന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. അവര്‍ സ്വമേധയാ സ്വന്തം കച്ചവടം പകല്‍ സമയത്ത് നടത്തുന്നില്ലെങ്കില്‍ നമുക്കെങ്ങനെ നിര്‍ബന്ധിക്കാന്‍ പറ്റും ?
എന്നാല്‍ മലപ്പുറം ജില്ലയില്‍ എത്രയോ ഹോട്ടലുകള്‍ നോമ്പ് സമയത്ത് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ടൗണുകളിലും എല്ലാ ഗ്രാമപ്രദേശങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുന്ന ചായക്കടകളും ഹോട്ടലുകളും ഒക്കെ കാണാം. അവരെ ആരെയും നിര്‍ബന്ധിച്ച് അടപ്പിക്കുന്നുമില്ല. എന്നിട്ട് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു , ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും ഒക്കെ ചില ക്ഷേത്ര ഉത്സവങ്ങളുടെ സമയത്ത് ആ പരിസരപ്രദേശങ്ങളില്‍ എവിടെയും മാംസ ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ആ പ്രദേശങ്ങളില്‍ താമസിക്കുന്ന അഹിന്ദുക്കളായ ആളുകളെ പോലും നിയമംമൂലം വിലക്കാറുണ്ട്. അതല്ലേ വര്‍ഗീയത ? ക്ഷേത്രത്തില്‍ ഉത്സവം ഉണ്ടെന്ന് കരുതി ആ ടൗണില്‍, കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് പോലും താമസിക്കുന്ന അഹിന്ദുക്കളായ ആരും മാംസ ഭക്ഷണം കഴിക്കരുത് എന്നു പറയാന്‍ നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാണോ ? അതല്ലേ വര്‍ഗീയത ?
അദ്ദേഹം ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ഗൗരവതരവുമായ ആരോപണം മലപ്പുറം ജില്ലയില്‍ നിന്ന് അമുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി പാലായനം ചെയ്യിപ്പിക്കുന്നു എന്നായിരുന്നു. ലക്ഷക്കണക്കിന് അമുസ്ലിങ്ങള്‍ ജീവിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്ലിം അല്ലാത്തതുകൊണ്ട് ഭീഷണിക്ക് വിധേയനായി നാടുവിടേണ്ടിവന്ന ഒരാളെയെങ്കിലും കാണിച്ചു തന്നാല്‍ , വസ്തുതകള്‍ പരിശോധിച്ചു അദ്ദേഹത്തെ തിരികെ അവിടെ താമസിപ്പിക്കാന്‍ മുന്‍പില്‍ ഞാന്‍ ഉണ്ടാവും എന്ന് ഉറപ്പ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ആ ലിസ്റ്റ് ഇങ്ങോട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രതിപക്ഷത്ത് പോലുമുള്ള മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയിലുണ്ട് എന്നാലോചിക്കണം. അവിടെനിന്നാണ് ഹിന്ദുക്കളെ കൂട്ടപ്പാലായനം ചെയ്യിക്കുന്നു എന്ന് മറ്റേതോ ജില്ലയിലിരുന്ന് തട്ടിവിടുന്നത്.
കേരളത്തില്‍ മറ്റെല്ലാ ജില്ലകളിലും ഉള്ളതുപോലെ നല്ല മനുഷ്യരും മോശം മനുഷ്യരും മലപ്പുറത്തുമുണ്ട്. മതേതരവാദികളും വര്‍ഗീയവാദികളും മറ്റെല്ലാ ജില്ലയിലും ഉള്ളതുപോലെ മലപ്പുറത്തുമുണ്ട്. എന്നു കരുതി ഒരു ജില്ലയെ മാത്രം ഇങ്ങനെ സ്ഥിരമായി അടച്ചാക്ഷേപിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
എന്റെ യാത്രയില്‍ എന്റെ അനുഭവം , മലപ്പുറം ജില്ലയിലെ മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരം കൊണ്ടും കേരളത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെണ്‍കുട്ടികള്‍. വെല്‍ എജുക്കേറ്റഡ് ആന്‍ഡ് വെല്‍ ഇന്‍ഫോംഡ്. മലപ്പുറംകാരന്റെ രക്തത്തില്‍ സംരംഭകത്വം ഉണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചില്‍ ആണ് മലപ്പുറത്ത്.
കാല്‍ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം അത് കൊച്ചി ആയിരിക്കില്ല മലപ്പുറം ആയിരിക്കും. എഴുതി വെച്ചോളൂ. മലപ്പുറം കേരളത്തിന്റെ ഗ്രോത്ത് എന്‍ജിന്‍ ആകുന്ന കാലം വിദൂരമല്ല.












Click it and Unblock the Notifications