അത് വിഎച്ച്പിക്കാരല്ല, ബിജെപിക്കാര്‍... കൃഷ്ണകുമാറിന്റെ അനുയായികള്‍; ക്രിസ്മസ് ആഘോഷം തടഞ്ഞതില്‍ സന്ദീപ്
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ വിഎച്ച്പിയുടെ നടപടിയില്‍ പ്രതിഷേധം കനക്കുന്നു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും സൗഹൃദ കരോളുകള്‍ നടത്തിയതിന് പിന്നാലെ വിഎച്ച്പി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നും അറസ്റ്റിലായ മൂന്നു പേരില്‍ രണ്ട് പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും സന്ദീപ് പറഞ്ഞു.
യുവമോര്‍ച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായും അദ്ദേഹം ആരോപിച്ചു. 'പാലക്കാട് തിരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആണ് പ്രതികള്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളത്. ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം മാത്രമാണ്,' സന്ദീപ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ ശ്രമിച്ചത്.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോള്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി നല്ലേപ്പിള്ളി വടക്കന്തറ കെ. അനില്‍കുമാര്‍, ബജരംഗ്ദള്‍ ജില്ലാ സംയോജക് തെക്കേദേശം കറുത്തേടത്തുകളം വി. സുശാസനന്‍, വിശ്വ ഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തെക്കുമുറി കെ. വേലായുധന്‍ എന്നിവരാണ് സ്‌കൂളിലെത്തി അക്രമം കാണിച്ചത്.
കുട്ടികളുടെ മുന്നില്‍ വെച്ച് പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ചെയ്തു. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആക്രമണം നടത്തിയത്. അധ്യാപകരുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് പ്രകോപനപരമായി സംസാരിച്ചെന്നാണ് പ്രധാനാധ്യാപിക ചിറ്റൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം വിഎച്ച്പിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് രാവിലെ സ്‌കൂളിലേക്ക് ഐക്യദാര്‍ഢ്യ കരോള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നല്ലേപ്പിള്ളി ടൗണില്‍ നിന്നാണ് സ്‌കൂളിലേക്ക് ഐക്യദാര്‍ഢ്യ കരോള്‍ നടത്തിയത്.
ഡി വൈ എഫ് ഐയും കരോള്‍ പ്രഖ്യാപിച്ചിരുന്നു. രാവിലെ ഒന്‍പതിന് സ്‌കൂളിന് മുന്നില്‍ നിന്നാണ് ഡി വൈ എഫ് ഐയുടെ കരോള്‍ ആരംഭിച്ചത്.












Click it and Unblock the Notifications