'അദ്ദേഹത്തിന്റെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ? ബിജെപി നേതാക്കള്‍ ചിലത് വെളിപ്പെടുത്തും'
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വീണ്ടും സന്ദീപ് വാര്യര്‍ രംഗത്ത്. വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസത്തെ പാസുകള്‍ നല്‍കിയത് ബിജെപി ഓഫീസില്‍ നിന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരന് വേണ്ടപ്പെട്ടവര്‍ക്കാണ് പാസുകള്‍ കിട്ടിയതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്ന് കാസര്‍കോട് എത്തിച്ചത് ആരാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനല്ലേ. കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനമായിരുന്നു അത്. രാജ്യത്ത് ഒട്ടേറെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നിട്ടും ഇവിടെ ജ്യോതി എത്തണം എങ്കില്‍ എന്തായിരിക്കും കാരണം എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ആവര്‍ത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകള്‍ നല്‍കിയത് ബിജെപി ഓഫീസില്‍ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവര്‍ക്കാണ് പാസുകള്‍ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികള്‍ക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരന്‍ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആര്‍ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.
ജ്യോതി മല്‍ഹോത്രയെ ഡല്‍ഹിയില്‍ നിന്നും കാസര്‍കോട് എത്തിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാര്‍ നേതൃത്വത്തിലെ പലര്‍ക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിന്റെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?
മുരളീധരന്റെ പി ആര്‍ വര്‍ക്കിന് വേണ്ടിയാണോ ജ്യോതി മല്‍ഹോത്ര കാസര്‍കോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസര്‍കോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മല്‍ഹോത്ര എത്തിച്ചേരണമെങ്കില്‍ അതിന് പിറകില്‍ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?
വി മുരളീധരന്‍ മന്ത്രി ആയിരിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളില്‍ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.
വി മുരളീധരന്റെ മുഖം കണ്ടാല്‍ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നല്‍കിയത് ആരെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോള്‍ ജ്യോതി മല്‍ഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്‌പോര്‍ട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതല്‍ പറയിപ്പിക്കരുത്.'












Click it and Unblock the Notifications