സുരേഷ് ഗോപിക്ക് പോലും കയ്പ് നിറഞ്ഞ അനുഭവം; അപ്പോള്‍ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ? സന്ദീപ് വാര്യര്‍
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും അനുപമ പരമേശ്വരനും അഭിനയിക്കുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം ജെഎസ്‌കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ജാനകി എന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരും സിനിമയുടെ പേരും മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.
അതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ നിയമ പോരാട്ടത്തിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. ഇത്തരത്തില്‍ അതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് സീതാദേവിയുടെ പേരിടാന്‍ പാടില്ല എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിചിത്ര വാദം.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അടക്കം സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്ത് വന്നു. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത് എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ചോദ്യം. ആവശ്യമെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്കു പോകുമെന്നും ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഇപ്പോഴിതാ സിനിമാ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്ത് വന്നു. ഫേസ്ബുക്കിലാണ് സന്ദീപ് വാര്യര്‍ തന്റെ പ്രതിഷേധം അറിയിച്ചത്.
കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി അഭിനയിച്ച സിനിമയ്ക്ക് പോലും ഈ കയ്പു നിറഞ്ഞ അനുഭവമാണെങ്കില്‍ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേര്‍വാഴ്ച എത്രത്തോളം ഉണ്ടാകുമെന്നാണ് സന്ദീപ് വാര്യര്‍ ചോദിക്കുന്നത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസമാണ്. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK . ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങൾക്കും സമാനമായ വിലക്ക് ആർഎസ്എസുകാരെ കുത്തിനിറച്ച സെൻസർ ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയും ബിജെപി ടിക്കറ്റിൽ ജയിച്ച എംപിയുമായിട്ടും സുരേഷ് ഗോപി അഭിനയിച്ച സിനിമക്ക് പോലും ഈ കയ്പ് നിറഞ്ഞ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളും ബിജെപിക്കെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഫാസിസ്റ്റ് തേർവാഴ്ച എത്രത്തോളം ഉണ്ടാകും?
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം












Click it and Unblock the Notifications