സന്ദീപ് വാര്യര്‍ റിട്ടേണ്‍സ്..; സംസ്ഥാന കമ്മിറ്റി അംഗമാക്കി സുരേന്ദ്രന്‍, ശിവശങ്കറും സംസ്ഥാന കമ്മിറ്റിയില്‍
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ സന്ദീപ് വാര്യരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പി ആര്‍ ശിവശങ്കരനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ കാലത്തും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍ എന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നേതൃത്വത്തോട് നന്ദി പറയുന്നതായും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
2022 ഒക്ടോബര്‍ പത്തിനാണ് സന്ദീപ് വാര്യരെ സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്. തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ബി ജെ പി ജില്ലാ നേതൃത്വത്തെ അറിയിക്കാതെ സന്ദീപ് വാര്യര്‍ നടത്തുന്ന പ്രവര്‍ത്തനവും സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ബി ജെ പിയുടെ ചാനല്‍ ചര്‍ച്ചയുടെ മുഖമായിരുന്ന സന്ദീപ് വാര്യരെ ആദ്യം ഇതില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് നിരവധി ജില്ലാ കമ്മിറ്റികളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ആയിരുന്നു സന്ദീപ് വാര്യര്‍ക്കെതിരെ ബി ജെ പി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നത്. ഇതോടെയാണ് കോട്ടയത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയത്.
അതേസമയം അണികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവായ സന്ദീപിനെതിരായ നടപടി പ്രവര്‍ത്തകരില്‍ നീരസമുണ്ടാക്കിയിരുന്നു. ആര്‍ എസ് എസിലെ ഒരു വിഭാഗവും സന്ദീപിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുരളീധരന്‍ പക്ഷത്തിന് അനഭിമതനായ നേതാക്കളെയെല്ലാം സുരേന്ദ്രന്‍ ഒതുക്കുകയാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ശോഭ സുരേന്ദ്രന്‍, പി ആര്‍ ശിവശങ്കര്‍, എം ടി രമേശ്, കെ പി ശ്രീശന്‍ എന്നിവരെല്ലാം ഇത്തരത്തില്‍ നടപടി നേരിട്ടിരുന്നു.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിച്ച് നീങ്ങണമെന്ന് ദേശീയ നേതൃത്വം കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. സിനിമാ താരങ്ങളായ രാജസേനന്‍, ഭീമന്‍ രഘു, അലി അക്ബര്‍ എന്നിവരെല്ലാം പാര്‍ട്ടി വിട്ടതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നേതൃത്വം വിട്ടുവീഴ്ചക്ക് തയ്യാറായത്. നേരത്തെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച ശോഭ സുരേന്ദ്രനെ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചിരുന്നു.












Click it and Unblock the Notifications