കോണ്‍ഗ്രസിനെതിരെ സാന്ദ്ര തോമസ്: പ്രതിയായ ആന്റോ ജോസഫിനെ സംഘടന തലപ്പത്ത് നിന്നും മാറ്റാത്തതെന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സാന്ദ്രാ തോമസ്. താന്‍ കൊടുത്ത കേസില്‍ പ്രതിയായ ആന്റോ ജോസഫിനെ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റാത്തത് കേരളത്തിലെ സ്ത്രീ സമൂഹത്തോടുള്ള അവഹേളനമാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്. കെ അജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
'പ്രതിപക്ഷ സംഘടനകളും മൗനം പാലിക്കുന്നുവോ ? കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷ മുന്നണി, അതിലെ പ്രധാന കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്ന് ഞാൻ കൊടുത്ത കേസിൽ പ്രതിയാക്കപെട്ട ആന്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണ്.' സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരുഞ്ഞെടുപ്പു നടക്കുമ്പോൾ 2 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ സ്ത്രീകൾ ആണ് , അത് സ്വതാർഹവുമാണ് . ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സാംസകാരിക സംഘടനയുടെ നേതൃത്വത്തിൽ നിന്ന് കുറ്റാരോപിതനായ ശ്രീ ആന്റോ ജോസഫിനെ മാറ്റി നിർത്തി മാതൃക കാണിക്കേണ്ടതാണ് , അല്ലാത്തപക്ഷം പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീപക്ഷ നിലപാടുകൾ സംശയത്തോടു കൂടി മാത്രമേ കേരളത്തിലെ സ്ത്രീ സമൂഹം നോക്കി കാണുകയുള്ളു.
അതുകൊണ്ടു കോൺഗ്രസ് നേതൃത്വം അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി മാതൃക കാണിക്കണമെന്ന് ആവശ്യപെടുന്നു, അഭ്യർത്ഥിക്കുന്നുവെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.
സംഘടനയെ തകർക്കാൻ നോക്കുന്നു എന്ന കുറ്റമാരോപിച്ചുകൊണ്ടാണ് സാന്ദ്രയെയും ഷീല കുര്യൻ എന്ന മറ്റൊരു പ്രൊഡ്യൂസറേയും സംഘടന പുറത്താക്കിയതെന്നും
സിനിമാവ്യവസായത്തിൽ വളരെക്കാലമായി നടക്കുന്ന സ്ത്രീ പീഡനങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അങ്ങാടിപ്പാട്ടാണെന്നും കെ അജിത വ്യക്തമാക്കി.
സിനിമാമേഖലയെ അടക്കി വാഴുന്ന പവർ ഗ്രൂപ്പിനെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുക എന്ന സന്ദേശമല്ലേ ഈ നടപടിയിലൂടെ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരു പൗരയുടെ/പൗരന്റെ മൗലികാവകാശമാണ്. സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധതയുടെ പ്രധാനമായ ഉത്തരവാദികളും ഈ തൊഴിലുടമകൾ തന്നെയാണെന്ന ധാരണയെ അരക്കിട്ടുറപ്പിക്കാനേ ഇത്തരം നടപടികൾ ഉതകുകയുള്ളൂ. ഹേമ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കപ്പെടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
സാന്ദ്രമാരുടെ ശബ്ദം ഇനിയും ഇനിയും മുഴങ്ങിക്കേൾക്കട്ടെ. നീതിക്കുവേണ്ടി,സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയുള്ള ചരിത്രപരമായ പോരാട്ടം എല്ലാ മേഖലകളിലും തുടരുക തന്നെ ചെയ്യും. ശബ്ദമുയർത്തുന്നവരുടെ വായ മൂടിക്കെട്ടാൻ ഇനിയാവില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുവിട്ട ഭൂതത്തെ ഇനി തളച്ചിടാൻ അത്ര എളുപ്പമല്ലെന്നും കെ അജിത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications