സാന്ദ്ര തോമസ് പര്‍ദ ധരിക്കാന്‍ കാരണം ഇതാണ്; മല്‍സരിക്കാന്‍ വിനയന്റെ പിന്തുണ ഉണ്ടെന്ന് വിശ്വസിക്കുന്നു
കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് എത്തിയത് പര്‍ദ ധരിച്ച്. ഇവിടെ വരാന്‍ ഈ വസ്ത്രമാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് പര്‍ദ ധരിച്ചതെന്നും തന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണിത് എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ്. രണ്ടാം തിയ്യതി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന നാലിനാണ്. തന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്ന് സാന്ദ്ര തോമസ് പറയുന്നു. നേരത്തെ പ്രമുഖ നിര്‍മാതാക്കള്‍ക്കെതിരെ സാന്ദ്ര നല്‍കിയ പരാതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സാന്ദ്ര തോമസ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന അസോസിയേഷനില്‍ വരാന്‍ തന്റെ മുന്‍ അനുഭവം വച്ച് ഏറ്റവും അനിയോജ്യമായ വസ്ത്രം പര്‍ദയാണ് എന്ന് തോന്നി. കൂടാതെ എന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണിത്. താന്‍ കൊടുത്ത പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് കോടതിയില്‍ ഇരിക്കെ, ആ ഭാരവാഹികള്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയും അവര്‍തന്നെ വീണ്ടും അസോസിയേഷന്റെ നേതൃത്വത്തിലേക്ക് മല്‍സരിക്കുകയും ചെയ്യുകയാണെന്നും സാന്ദ്ര പറഞ്ഞു.
സ്ത്രീകള്‍ക്ക് വരാന്‍ സുരക്ഷിതമായ ഒരിടമല്ല പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. പതിറ്റാണ്ടുകളായി ചിലര്‍ കുത്തകയാക്കി വച്ചിരിക്കുകയാണ് അസോസിയേഷന്‍. മാറ്റങ്ങള്‍ വരണം. തനിക്ക് മതിയായ പിന്തുണയുണ്ട്. മിക്കവരുമായും സംസാരിച്ചു. നിലവിലുള്ള ഭാരവാഹികള്‍ക്കെതിരായ വികാരമുണ്ട്. ഒരു പാനലായിട്ടാണ് മല്‍സരിക്കുക എന്നും വെളിപ്പെടുത്തിയ സാന്ദ്ര, തന്നെ പിന്തുണച്ച നിര്‍മാതാക്കളുടെ പേരും വിശദീകരിച്ചു.
മതത്തിന്റെ വസ്ത്രമായി കാണേണ്ടതില്ല
ഇതൊരു മതത്തിന്റെ വസ്ത്രമായി മാത്രം കാണേണ്ടതില്ല. താന്‍ ക്രിസ്ത്യാനിയാണ്. ബൈബിളില്‍ സാറ ധരിച്ച വസ്ത്രം കൂടിയാണ്. പള്ളികളില്‍ പോകുമ്പോള്‍ ഇങ്ങനെ തന്നെയാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും മതത്തിന്റെ ഭാഗമായി കരുതേണ്ടതില്ല. ഇതുപോലുള്ള സ്ഥലങ്ങളില്‍ വരാന്‍ ഉചിതമായ വസ്ത്രമാണിത്. മറ്റു സ്ത്രീകളും ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പലര്‍ക്കും ധൈര്യപൂര്‍വം മുന്നോട്ടുവരാന്‍ ഭയമാണ് എന്നും സാന്ദ്ര തോമസ് പറഞ്ഞു.
തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞപ്പോള്‍ പുറത്താക്കുകയാണ് അവര്‍ ചെയ്തത്. അത് തെറ്റായ നടപടിയാണ് എന്ന് ചൂണ്ടിക്കാട്ടി കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ചോദ്യം ഉന്നയിക്കുന്നവരെ പുറത്താക്കുക എന്ന രീതിയാണുള്ളത്. നിര്‍മാതാവ് ഷീല ചില ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തങ്ങള്‍ നേരിടുന്ന മോശം അനുഭവം പരാതിപ്പെടുമ്പോള്‍ കളിയാക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്തത് എന്നും സാന്ദ്ര പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുന്നത്. അവര്‍ എന്തിനാണ് ഭയക്കുന്നത്. തന്റെ പത്രിക തള്ളാനുള്ള ആസൂത്രണം അവര്‍ നടത്തുന്നുണ്ട്. അവസാനം വരെ പോരാടും. താനൊരു ഫൈറ്ററാണ്. വിനയന്‍ സാറിന്റെ പിന്തുണ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹം മല്‍സരിക്കുമോ എന്ന് അറിയില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.












Click it and Unblock the Notifications