പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്
തിരുവനന്തപുരം: പൊതുവേ കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത സംഘപരിവാര്‍ കഴിയാവുന്ന എന്ന മേഖലകളിലും പിടിമുറുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമ്പലങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും അടക്കം തുടങ്ങി കേരള പോലീസിനകത്ത് വരെ എത്തി നില്‍ക്കുന്നു സംസ്ഥാനത്ത് സംഘപരിവാറിന്റെ കരുനീക്കങ്ങൾ എന്നാണ് പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
കേരളാ പോലീസിന് അകത്ത് ബിജെപി, ആര്‍എസ്എസ് അനുകൂലികളുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിട്ടുള്ളതാണ്. ഈ സംഘങ്ങള്‍ മിക്ക പോലീസ് സ്‌റ്റേഷനുകളിലും വലിയ ശക്തിയായി മാറിയിരിക്കുന്നു എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആര്‍എസ്എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍
കേരള പോലീസിന് അകത്ത് ആര്‍എസ്എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ സിപിഎം ചാനലായ കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരസ്യ പ്രവര്‍ത്തനം സേനയില്‍ നടത്താനും മാസം തോറും യോഗം ചേരാനും ഈ സംഘങ്ങള്‍ തീരുമാനിച്ചിട്ടുള്ളതായും അതിനായി തത്വമസി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

ആർഎസ്എസ് അജണ്ട
കേരള പോലീസില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കും എന്ന് ഐജി സുരേഷ് പുരോഹിത് വെല്ലുവിളിച്ചിരുന്നു. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ അംഗീകരിച്ച ഒരു സംഘടന മാത്രമേ പോലീസില്‍ പാടുള്ളൂ എന്നാണ് ചട്ടം. അതിനിടെയാണ് സംഘപരിവാര്‍ സംഘങ്ങളുടെ പ്രവര്‍ത്തനം.

ഉന്നതരുടെ സംരക്ഷണം
സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവെങ്കിലും കാര്യമായ ഒരു നടപടിയുമുണ്ടായില്ല. ചിലരെ സ്ഥലം മാറ്റുക മാത്രമാണുണ്ടായത്. പ്രമുഖര്‍ക്കെതിരായ നടപടികള്‍ പൂഴ്ത്തി. ഇന്ന് സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും ഈ ഗ്രൂപ്പുകള്‍ നിര്‍ണായക ശക്തിയായി മാറിയെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.

സ്റ്റേഷനുകളില്‍ വര്‍ഗീയ ചേരിതിരിവ്
മാത്രമല്ല ഇക്കൂട്ടര്‍ സ്റ്റേഷനുകളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും ഇവരെ ഉന്നതര്‍ സംരക്ഷിക്കുകയാണ്. സേനയിലെ കോണ്‍ഗ്രസ്, സിപിഎം അനുകൂലികളെ പോലും തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. പ്രത്യേകിച്ചും നിരവധി യുഡിഎഫ് അനുകൂലികള്‍ സംഘപാളയത്തില്‍ എത്തിക്കഴിഞ്ഞുവത്രേ.

രഹസ്യയോഗങ്ങള്‍
ഇക്കൂട്ടര്‍ പലയിടത്തായി രഹസ്യയോഗങ്ങള്‍ ചേരുന്നതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അസോസിയേഷന്‍ തെരഞ്ഞെടുപ്പുകളിലും സംഘപരിവാര്‍ അനുകൂലികള്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലും സംഘപരിവാറുകാര്‍ ഇടംപിടിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയിലും
ഇത്തരത്തിലുള്ള മൂന്ന് പേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലകളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. പൊതുവേ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷാ ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക പതിവ്. അങ്ങെനെയിരിക്കേ മുഖ്യമന്ത്രി സുരക്ഷാ ചുമതലകളില്‍ പോലും ആര്‍എസ്എസ് അനുകൂലികള്‍ എത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.












Click it and Unblock the Notifications