'മോഹന്‍ ഭാഗവതിന് നന്ദി, പ്രളയത്തില്‍ സര്‍ക്കാര്‍ നിര്‍ജീവം'; സിനിമ സംഘപരിവാറിന്റെ കൈയിലെന്ന് എഐവൈഎഫ്
മലപ്പുറം: രാജ്യത്ത് അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളുടേയും പിന്നില്‍ ആര്‍ എസ് എസിന്റെ കൈകളുണ്ടെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. കേരളത്തിലേക്കും ഇത് പടരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എ ഐ വൈ എഫിന്റെ സേവ് ഇന്ത്യ മാര്‍ച്ചിന്റെ ഭാഗമായി മലപ്പുറം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍.
സംസ്ഥാനത്ത് സാംസ്‌കാരിക- സിനിമാ മേഖലയിലൂടെ ഇടത് വിരുദ്ധത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നുണ്ട് എന്നും ഇതിന് പിന്നില്‍ ബി ജെ പി - സംഘപരിവാര്‍ നേതാക്കളാണ് എന്നും അരുണ്‍ പറഞ്ഞു. സമീപകാലത്ത് വന്നിട്ടുള്ള മിക്ക സിനിമകളും കേരളത്തിലെ ഇടതുപക്ഷത്തെ മോശമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണ്. അതിന് ഉദാഹരണമാണ് 2018 എന്ന സിനിമ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡാം തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണം എന്നാണ് ഈ സിനിമ പറഞ്ഞ് വെക്കുന്നത്. ഇത് ബി ജെ പി തുടക്കം മുതല്‍ ഉയര്‍ത്തുന്ന പ്രചരണമാണ് എന്നും അരുണ്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയമായിരുന്നു എന്നുള്ള ബി ജെ പി പ്രചരണത്തിന് ഈ സിനിമ കുഴലൂതുകയാണ്. കോണ്‍ഗ്രസുകാരന്‍ എന്ന് പറയുന്ന ഒരു നിര്‍മാതാവിന്റെ സിനിമ ആരംഭിച്ചത് തന്നെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന് നന്ദി പറഞ്ഞ് കൊണ്ടാണെന്നും അരുണ്‍ പറഞ്ഞു.
ഇത്തരക്കാരെ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ മലയാള സിനിമ സംഘപരിവാറിന്റെ കൈയിലെ ചട്ടുകമായി മാറും. ഇടതുസഹയാത്രികരായ സിനിമാപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് എന്നും ഈ മൗനം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ നിര്‍ജീവമാക്കി അവതരിപ്പിക്കുന്ന സിനിമ യാദൃശ്ചികമല്ല എന്നും അദ്ദേഹം പറഞ്ഞു.
2024 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ സംഘപരിവാര്‍ വലിയ തോതിലുള്ള ആസൂത്രണങ്ങള്‍ നടത്തുന്നുണ്ട് എന്ന മുന്നറിയിപ്പും അരുണ്‍ നല്‍കി. ഈ പശ്ചാത്തലത്തിലാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷികളെ കുറിച്ചുള്ള പ്രസ്താവന വരുന്നത്. ബിഷപ്പിനെതിരെ പ്രതികരിച്ചാല്‍ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാമെന്ന കണക്കുകൂട്ടലുകള്‍ സംഘപരിവാറിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പുരോഹിതന്‍മാരെയും സഭകളെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അരുണ്‍ വ്യക്തമാക്കി. പുതിയ സിനിമകളും ഇത്തരം രാഷ്ട്രീയ നീക്കങ്ങളുമൊക്കെ ബന്ധപ്പെട്ടു കിടക്കുകയാണ് എന്നും ഇത്തരം സിനിമകള്‍ക്ക് പിന്നിലെ അപകടം കോണ്‍ഗ്രസ് മനസിലാക്കണമെന്നും അരുണ്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications