'ചില കൃമികള്‍ പിന്നില്‍ നിന്ന് കുത്തുന്നു, എന്റെ മകനോട് അനിഷ്ടം'; വീണ്ടും സഞ്ജുവിന്റെ പിതാവ്
തിരുവനന്തപുരം: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കാത്തതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ സഞ്ജുവിന്റെ പിതാവ്. കെസിഎയിലെ ചിലര്‍ക്ക് സഞ്ജുവിനോട് അനിഷ്ടമുണ്ട് എന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഞ്ജുവിനെ വിജയ് ഹസാരെയില്‍ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുന്‍പേ അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തങ്ങളിതുവരെ കെസിഎയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും ദയവ് ചെയ്ത് തന്റെ മകനെ കളിക്കാന്‍ അനുവദിക്കണമെന്നും സാംസണ്‍ പറഞ്ഞു. വിജയ് ഹസാരെ ട്രോഫിക്കുള്ള ക്യാമ്പില്‍ പോകാതിരുന്നത് സഞ്ജു മാത്രമല്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പില്‍ പങ്കെടുക്കാത്തവരും വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അവരുടെ പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

സഞ്ജു വിജയ് ഹസാരെ കളിക്കില്ലെന്ന് നേരത്തെ തീരുമാനമായിരുന്നു എന്നും ആരാണത് തീരുമാനമാക്കിയത് എന്ന് തനിക്കറിയാമെന്നും സാംസണ്‍ പറഞ്ഞു. ' ജയേഷ് ജോര്‍ജോ വിനോദോ അല്ല. ഇതിനിടയിലുള്ള ചില ചെറിയ ആളുകളുണ്ട്. കാണുന്നിടത്തൊക്കെ പോയി ഇവരെ സല്യൂട്ട് അടിച്ചില്ലെങ്കില്‍ പ്രശ്‌നമാണ്. ഒരു നമസ്തേ പറയുന്നതില്‍ ചെറിയ പിഴവുണ്ടായാല്‍ അവര്‍ അത് വിഷയമാക്കി മാറ്റും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കെസിഎ വിളിക്കുന്നിടത്ത് ചെന്ന് പരിഹാരം ചെയ്യാന്‍ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു. തന്റെ മക്കളെ ഇത്രയുമാക്കിയത് കെസിഎ ആണ് എന്നും എന്നാല്‍ ചില കൃമികള്‍ പിന്നില്‍ നിന്ന് കുത്താന്‍ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. കെസിഎയെ അനുസരിച്ച് ജീവിക്കാനാണ് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിനെക്കാള്‍ മുന്‍പ് ഇന്ത്യന്‍ ടീമിലെത്തേണ്ടയാളായിരുന്നു മൂത്ത മകനെന്നും അവന്റെ അവസരം ഇല്ലാതാക്കിയതാണ് എന്നും അദ്ദേഹം ആരോപിച്ചു. മുന്‍ കെസിഎ പ്രസിഡന്റ് ടിസി മാത്യു മോശമായി പെരുമാറി എന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍മാരാണ് എന്നും സ്‌പോര്‍ട്‌സ് ബിസിനസില്‍ താല്പര്യമില്ല എന്നും സാംസണ്‍ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. അവസാനം കളിച്ച ഏകദിനത്തിലും ടി 20 പരമ്പരയിലും സെഞ്ച്വറി നേടിയ സഞ്ജു ടീമിലുണ്ടാകും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനേയും കെഎല്‍ രാഹുലിനേയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.












Click it and Unblock the Notifications