മോഹന്‍ലാലിന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുമോ എന്നാണ് അമ്മയ്ക്ക് അകത്തുള്ളവർ നോക്കുന്നത്: ശാന്തിവിള ദിനേശ്
വിനയന്‍ നടത്തുന്ന ഒരു നീക്കവും ഫെഫ്കയെ ബാധിക്കുന്ന കാര്യം അല്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. അയാള്‍ക്ക് ഫെഫ്കയില്‍ എന്ത് കാര്യം. ഞങ്ങള്‍ പതിനായിരത്തോളം അംഗങ്ങളുണ്ട്. അയാള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നും ശാന്തിവിള ദിനേശ് വണ്‍ഇന്ത്യ മലയാളത്തോടായി പ്രതികരിച്ചു. വിനയന്റെ പേര് എടുത്ത് പറയാതെയായിരുന്നു ശാന്തിവിള ദിനേശിന്റെ പ്രതികരണം.
ആ കത്ത് മുഖ്യമന്ത്രി ചവറ്റുകൊട്ടയില്‍ എടുത്ത് എറിയും. ഫെഫ്കയില്‍ യാതൊരു വിധത്തിലുള്ള പൊട്ടിത്തെറിയും ഇല്ല. ആഷിഖ് അബു പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. നേതൃത്വത്തിലുള്ള ആളുകള്‍ കൃത്യമായി പ്രതികരിക്കണം എന്ന് മാത്രമാണല്ലോ പറഞ്ഞത്. ആ പറഞ്ഞതില്‍ എന്താണ് തെറ്റ്. അത് പറയേണ്ട കാര്യം തന്നെയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫെഫ്ക കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളുണ്ടെങ്കിലും അതും അറിയക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കീഴില്‍ വരുന്ന ഓരോരോ സംഘടനയ്ക്കും കത്ത് നല്‍കിയിരുന്നു.
ചാനല്‍ ചർച്ചകളില്‍ പോയിരുന്ന് ഫെഫ്ക ഭാരവാഹികള്‍ മറുപടി പറയേണ്ടതായിട്ടുള്ള യാതൊരു ബാധ്യതയും ഇല്ല. സ്വന്തം യൂണിയനിലെ അംഗങ്ങള്‍ക്ക് മറുപടി കൊടുക്കാനുള്ള ബാധ്യതയാണ് ഞങ്ങളുടെ സംഘടനയ്ക്കുള്ളത്. ഫെഫ്കയ്ക്ക് ഫെഫ്കയുടേതായ നിലപാടുണ്ട്. അത് കൃത്യമായി അറിയിക്കേണ്ട ഇടത്ത് അറിയിക്കും. അമ്മയുടെ വിഷയത്തിലായാലും അങ്ങനെ തന്നെ. മോഹന്‍ലാല്‍ രാജി വെച്ചത് ധീരമായ നടപടിയാണെന്ന് ഞാന്‍ പറയും.
അമ്മക്ക് അകത്ത് ഉള്ളവർ തന്നെ ചില കളികള്‍ കളിക്കാന്‍ നോക്കി. അതോടെയാണ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. അധികാരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമുള്ള ഒന്ന് രണ്ട് ആളുകള്‍ ഇപ്പോള്‍ വന്ന് പ്രതികരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുമോ? സിദ്ധീഖിന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുമോ എന്നൊക്കെ സ്വപ്നം കാണുന്നവരാണ് ചിലരൊക്കെ. അതിന് അവസരം നല്‍കാതെ രാജിവെച്ചത് നന്നായി എന്നേ ഞാന്‍ പറയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബി ഉണ്ണികൃഷ്‌ന്റേത് വ്യാജ ഇടത് പരിവേഷമാണെന്നും യൂണിയന്റെ വാർത്തക്കുറിപ്പ് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമായിരുന്നു അഷിഖ് അബുവിന്റെ പ്രതികരണം. ഫെഫ്ക എന്നാൽ ബി ഉണ്ണികൃഷ്ണനാണെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവർത്തനങ്ങൾ ചുക്കാൻ പിടിച്ചെന്നും സമൂഹത്തെ അഭിമുഖീകരിക്കാൻ നട്ടെല്ലുണ്ടെങ്കിൽ പൊതുമധ്യത്തിൽ പ്രതികരിക്കണമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.












Click it and Unblock the Notifications