'ആ പൊട്ടിയ മോഹൻലാൽ സിനിമയുടെ പത്തിലൊന്ന് തന്നിരുന്നുവെങ്കിൽ ഞാൻ ഈ പണി നിർത്തിയേനെ'; ശാന്തിവിള ദിനേശ്
നിർമ്മാതാക്കൾക്ക് സിനിമയിൽ യാതൊരു വിലയുമില്ലാതായെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. താരങ്ങൾക്ക് വില നൽകി തുടങ്ങിയതോടെയാണ് സിനിമയിലെ അച്ചടക്കം ഇല്ലാതായത്. സിനിമ മേഖലയിൽ അച്ചടക്കം കൊണ്ടുവരാതെ മലയാള സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രെയിം ടു ഫ്രെയിം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'നിർമ്മാതാക്കൾ പറയുന്ന ഗതികേടാണ് ശരിയെന്ന് ആദ്യം ഞാൻ പറയും, നടൻമാർ പറയുന്നതിലും ന്യായമുണ്ടെന്നും പറയും. നടൻമാർ സിനിമ നിർമ്മിക്കരുതെന്ന് പറയാനാവില്ല, നമ്മക്ക് ഇഷ്ടമുള്ള പ്രതിഫലം ചോദിക്കും അത് തരാൻ ആവില്ലെന്ന് നിർമ്മാതാക്കൾക്ക് പറയാം, അതിൽ അപ്പീൽ ഇല്ല. പക്ഷെ ചോദിക്കുന്നവന് മര്യാദ വേണമെന്നും ഞാൻ പറയും.

ജനപ്രിയനായ ഒരു നടനാണ് വലിയ തുക ചോദിക്കുന്നതെങ്കിൽ നമ്മുക്ക് മനസിലാക്കാം. മുഖത്ത് ഒരു ഭാവവ്യത്യാസവും വരാത്തവനൊക്കെ ദിവസവും ചോദിക്കുന്നത് മൂന്ന് ലക്ഷം രൂപയാണ്. ഇപ്പോഴത്തെ ചിലരുടെ രീതി അറിയാമല്ലോ, 11 മണിക്ക് വന്ന് കാരവാനിൽ കയറി, വലിക്കുകയും കുടിക്കുകയും വായിൽ ഒട്ടിക്കുകയുമൊക്കെ ചെയ്ത് ഇരുന്ന് ചർച്ച ചെയ്യും. അതോടെ ഒരു സീനൊക്കെ വൈകുന്നേരത്തിനുള്ളിൽ ഷൂട്ട് ചെയ്താൽ വലിയ ഭാഗ്യം. അതുകൊണ്ട് തന്നെ ശരാശരി ഒരു കൊച്ച് സിനിമയൊക്കെ ഷൂട്ട് ചെയ്യാൻ 10 ലക്ഷം ചിലവുണ്ട് ഇപ്പോൾ. 50 ദിവസം കൊണ്ട് സിനിമ ഷൂട്ട് ചെയ്താൽ തന്നെ എത്ര ചിലവ് വരും. പക്ഷെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ലെന്നും നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ ഷൂട്ട് ചെയ്താമതിയെന്ന നിലയിലേക്ക് സിനിമയെത്തി. വലിയ നടനാണെങ്കിൽ പോലും ഇതാണ് അവസ്ഥ.
മോഹൻലാൽ പ്രണവം ആർട്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ഉണ്ടാക്കി നിർമ്മിച്ച പല സിനിമകളും വലിയ നഷ്ടത്തിലാണ്. വാനപ്രസ്ഥം മോഹൻലാലിന്റെ ചീട്ട് കീറിയ പടമാണ്. മോഹൻലാൽ ഈ അടുത്ത കാലത്ത് അഭിനയിച്ച പല പടങ്ങളും സാമ്പത്തികമായി വലിയ നഷ്ടമാണ്. അതായത് ആ നഷ്ടത്തിന്റെ പത്തിലൊന്ന് തന്നിരുന്നെങ്കിൽ യുട്യൂബും സിനിമയുമൊക്കെ വിട്ട് ഞാൻ നന്നായി ജീവിച്ചേനെ.
ഇപ്പോൾ എല്ലാവരും പ്രൊഡ്യൂസർമാരാണ്. നിർമാതാവിനെ ഊറ്റി ജീവിക്കുന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരുടെ കൈയ്യിൽ മൂന്ന് കാറൊക്കെയാണ്. അപ്പോൾ എത്ര കോടിയാണ് അവർക്കൊക്കെ കിട്ടുന്നത്. എല്ലാവരും നിർമ്മാതാക്കളെ ഊറ്റിയാണ് ജീവിക്കുന്നത്. ഇതിനൊരു നിയന്ത്രണം ഉണ്ടാകണം. നാല് കോടി രൂപക്ക് പടമെടുത്ത് പൂർത്തിയാക്കിതരാമെന്ന് പറഞ്ഞ് എന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സംവിധായകൻ ബാലകൃഷ്ണ പൊതുവാൾ തന്റെ മുൻപത്തെ പടത്തിലെ മാർക്കറ്റ് വാല്യു ഇല്ലാത്ത രണ്ട് പേരെ വെച്ച് സിനിമ എടുക്കുന്നു. ആ സിനിമ പൂർത്തിയാക്കിയത് 20 കോടി രൂപക്കാണ്. ആദ്യത്തെ ഷോയ്ക്ക് തന്നെ ഈ സിനിമ വീണു. കഷ്ടപ്പെട്ട് കിടപ്പാടം വിറ്റുണ്ടാക്കിയ പൈസ കൊണ്ട് സിനിമ എടുക്കുന്ന ആളാണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിയേ. ഇത് ക്രിമിനൽ വേസ്റ്റല്ല. ആ സിനിമയുടെ സംവിധായകനോട് ഫെഫ്ക ചോദിക്കണ്ടേ? ഇവിടെ നാഥനില്ലാത്ത അവസ്ഥയാണ്.
ഇതേ സംവിധായകന്റെ അടുത്ത പടം കുഞ്ചാക്കോ ബോബനെ വെച്ചാണ്. കുഞ്ചാക്കോ ബോബനും ലിസ്റ്റൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അപ്പോൾ ഈ സിനിമ എങ്ങനെ രക്ഷപ്പെടും? ഇവിടെയൊക്കെ ഒരു അച്ചടക്കം അനിവാര്യമല്ലേ? ആർട്ടിസ്റ്റുകാരുടേയും ടെക്നീഷ്യൻമാരുടേയും കാര്യത്തിൽ അച്ചടക്കം വേണം. സിനിമയിലെ താരപ്രമാണത്തമാണ് ഇതിനൊക്കെ കാരണം എന്ന് ഞാൻ പറയും.
പ്രൊഡ്യൂസർക്ക് ഇപ്പോൾ യാതൊരു റോളുമില്ല. കാരവാനിൽ പോലും ഇരിക്കാൻ പറ്റില്ല. നിർമ്മാതാവ് നിൽക്കുകയും ഇന്നലെ വന്ന പൊട്ടൻമാരായ നായകൻമാർ കസേരയിൽ കാലിൽ കാല് കയറ്റി ഇരിക്കാൻ തുടങ്ങിയോ അന്ന് മുതൽ മലയാള സിനിമയുടെ അപചയം തുടങ്ങി.












Click it and Unblock the Notifications