''പലിശയ്ക്ക് കടം വാങ്ങി, സ്റ്റാഫിന് ശമ്പളം മുടങ്ങി, ലേബർ ഇന്ത്യയ്ക്ക് ജപ്തി നോട്ടീസ്, രക്ഷിച്ചത് ആ മനുഷ്യൻ''
സഞ്ചാരം എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മയിൽ വരുന്ന പേരാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത്. ഒരു സഞ്ചാരിയായും ബിസിനസ്സുകാരനായും വിജയിച്ച മനുഷ്യനായിട്ടാണ് സന്തോഷ് ജോർജ് കുളങ്ങരയെ വിലയിരുത്താനാകുന്നത്. എന്നാൽ ജപ്തിക്ക് മുന്നിൽ പകച്ച് നിന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ: '' 96 ശതമാനം പലിശയ്ക്ക് കടം വാങ്ങിയ കാലം ഉണ്ടായിട്ടുണ്ട്. എന്റെ ഫിനാന്‍സിലിരിക്കുന്ന ആളുകള്‍ക്ക് അറിയാം. 90കളിലെ കാര്യമാണിത്. പലിശയ്ക്ക് കടം വാങ്ങി സ്ഥാപനം ഓടിച്ച കാലമുണ്ട്. അന്ന് അത്രമാത്രം പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. 2003-04 വരെ കഠിനാധ്വാനം ചെയ്ത് പ്രസ്ഥാനങ്ങളെ ബ്രേക്ക് ഈവനിലേക്ക് എത്തിച്ചു.
ഞാന്‍ ലേബര്‍ ഇന്ത്യയുടെ ചുമതലയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നില്ല. ടെലിവിഷനും സഞ്ചാരവുമൊക്കെയുളള ലോകമായിരുന്നു എന്റേത്. ലേബര്‍ ഇന്ത്യ വലിയ ക്രൈസിസിലേക്ക് പോയി. തൊഴില്‍ പ്രശ്‌നങ്ങളും സാമ്പത്തിക അച്ചടക്കം ഇല്ലാത്തതും അടക്കം പല പ്രശ്‌നങ്ങളും ഉണ്ടായി. പക്ഷേ ലേബര്‍ ഇന്ത്യ എന്ന ബ്രാന്‍ഡ് ഗംഭീര സാധനമാണ്. പക്ഷേ സമയത്ത് ഇറക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയിരുന്നു.

ഞങ്ങളൊരു സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ അച്ഛന്റെ ശ്രദ്ധ അതിലേക്ക് പോയി. അതാണ് പ്രധാനമായും സംഭവിച്ച പ്രശ്‌നം. 1995-96 ആയപ്പോഴേക്കും വിഷ്വല്‍ മീഡിയയില്‍ മുഴുകിയിരുന്ന എന്നോട് എല്ലാവരും കൂടി പറഞ്ഞു, ഒന്നുകില്‍ നമ്മളെല്ലാവരും കൂടി മുങ്ങും, അല്ലെങ്കില്‍ നീ മറ്റ് പരിപാടികളൊക്കെ നിര്‍ത്തി ലേബര്‍ ഇന്ത്യ ഏറ്റെടുക്കണം എന്ന്. ഞാന്‍ വരുമ്പോള്‍ സ്റ്റാഫിന് നാലഞ്ച് മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. അവര്‍ സ്ഥാപനത്തിന് പുറത്ത് സമരം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ചുമതലയിലേക്ക് വരുന്നത്.
ഞങ്ങളൊരു പ്രസ് വാങ്ങിയിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങി കെഎഫ്‌സിയില്‍ നിന്ന് ജപ്തി ചെയ്യാന്‍ നോട്ടീസ് വന്നു. അതുമായി അച്ഛന്റെ അടുത്തേക്ക് പോയപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇപ്പോള്‍ നീയാണ് അതിന്റെ ഉടമ. ഇനി ഇത് പോലുളളതുമായി എന്റെ അടുത്തേക്ക് വന്നേക്കരുത് എന്ന്. പക്ഷേ തനിക്ക് ഉറപ്പുണ്ടായിരുന്നു ലേബര്‍ ഇന്ത്യയെ ലാഭത്തിലാക്കാം എന്ന്. ഞാന്‍ ഹോം വര്‍ക്ക് ചെയ്തു.
അതിനിടെ കെഎഫ്‌സിയില്‍ നിന്ന് വിളി വന്നു, വരാന്‍ പറഞ്ഞു. താനന്ന് ഒരു പയ്യനാണ്. ഫിനാന്‍സ് മാനേജര്‍ ജോര്‍ജിനേയും കൊണ്ട് ചെന്നു. റീജിണല്‍ മാനേജര്‍ പെരുമാള്‍ സാറിനെ കണ്ടു. ലേബര്‍ ഇന്ത്യയില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ മകള്‍ അത് നോക്കിയാണ് പഠിക്കുന്നത് എന്നും നിങ്ങള്‍ക്ക് എന്താണ് പറ്റിയത് എന്നും ചോദിച്ചു. ഞാന്‍ വിറച്ചാണ് കയറിച്ചെന്നത്, അപ്പോള്‍ ഒരു ആശ്വാസമായി.
ചില പ്രശ്‌നങ്ങളുണ്ടെന്നും തനിക്ക് ഒരു പ്ലാന്‍ ഉണ്ട്, ഒരു വര്‍ഷം സമയം തന്നാല്‍ കുടിശ്ശിക മുഴുവന്‍ അടച്ച് തീര്‍ക്കാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. ആ സമയം എല്ലാ ക്ലാസിലേക്കും ലേബര്‍ ഇന്ത്യ ഇല്ല. ഞാന്‍ ഒന്നാം ക്ലാസ് മുതല്‍ ലേബര്‍ ഇന്ത്യ തുടങ്ങും. ഒരു സ്‌കീം കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഒരു കുട്ടി ആയിരം രൂപ നിക്ഷേപിച്ചാല്‍ പത്താം ക്ലാസ് വരെ ലേബര്‍ ഇന്ത്യ കിട്ടും, പത്ത് കഴിയുമ്പോള്‍ ഈ ആയിരം രൂപ തിരിച്ചും കൊടുക്കും.
അത് കൊള്ളാമല്ലോ എന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം വളരെ പോസിറ്റീവ് ആയിരുന്നു. ഒരു വര്‍ക്കിംഗ് ക്യാപിറ്റലും വേണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. 5 ദിവസത്തിനുളളില്‍ പ്രൊജക്ട് റിപ്പോര്‍ട്ടുമായി വരാന്‍ പറഞ്ഞു. ജപ്തി ചെയ്യാന്‍ വിളിപ്പിച്ചയാള്‍ അവസാനം പറയുന്നത് ഇനി എത്ര ലോണ്‍ വേണം എന്ന്. 50 ലക്ഷത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. ആറാം ദിവസം രാവിലെ പെരുമാള്‍ സര്‍ ഇങ്ങോട്ട് വിളിച്ചു, പ്രൊജക്ട് റിപ്പോര്‍ട്ട് എവിടെ കണ്ടില്ലല്ലോ എന്ന് ചോദിച്ച്.
അദ്ദേഹത്തിന്റെ പേര് ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍, എന്റെ പ്രസ്ഥാനങ്ങളെല്ലാം ഈ തരത്തില്‍ വളരാന്‍ താങ്ങായി തീര്‍ന്ന ഒരു മനുഷ്യനാണ്. ഈ മനുഷ്യന്‍ അന്ന് സഹായിച്ചില്ലായിരുന്നുവെങ്കില്‍ ഞാനിന്ന് ചിലപ്പോള്‍ ഉണ്ടാകില്ലായിരുന്നു. ഞാന്‍ വേറെ എന്തെങ്കിലും ആയേനെ''.












Click it and Unblock the Notifications