മോഹൻലാലും മമ്മൂട്ടിയും തിരിഞ്ഞ് നോക്കിയില്ല.. ശ്രീജിത്തിനൊപ്പം സൂപ്പർസ്റ്റാറായി സന്തോഷ് പണ്ഡിറ്റ്!
Recommended Video

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട അനുജന് ശ്രീജിവിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം സമാനതകളില്ലാത്തതാണ്. ശ്രീജിത്തിന്റെ പോരാട്ടം 770 ദിവസം കടക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ അന്വേഷണ നടപടികള്‍ തുടങ്ങിയാലല്ലാതെ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിലാണ് ശ്രീജിത്ത്.
ശ്രീജിത്തിനെ കാണാനും സമരത്തിന് പിന്തുണ അറിയിക്കാനും പ്രമുഖര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. സിനിമാ താരം സന്തോഷ് പണ്ഡിറ്റാണ് ഏറ്റവും ഒടുവിലായി ശ്രീജിത്തിന്റെ സമരമുഖത്തെത്തിയത്.

ശ്രീജിത്തിനൊപ്പം പണ്ഡിറ്റ്
സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കൂട്ടത്തിലാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ സിനിമകള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഇത്തരം ഇടപെടലുകള്‍ക്കുണ്ട്. സിനിമകളുടെ സ്വാഭാവം വെച്ച് സന്തോഷ് പണ്ഡിറ്റിനെ കോമാളിയാക്കി പരിഹസിച്ചവര്‍ക്ക് താരം പല ഇടപെടലുകളിലൂടെയുമാണ് മറുപടി നല്‍കിയിരിക്കുന്നത്. ശ്രീജിത്തിന്റെ സമരമുഖത്തേക്കും കഴിഞ്ഞ ദിവസം പണ്ഡിറ്റെത്തി.

തിരക്കുകൾ മാറ്റിവെച്ച് പണ്ഡിറ്റ്
ഫേസ്ബുക്ക് പോസ്റ്റ് വഴി സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ശ്രീജിത്തിനെ സന്ദര്‍ശിച്ച കാര്യം അറിയിച്ചത്. ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ തിരക്കുകള്‍ക്കിടയിലാണ് സന്തോഷ് പണ്ഡിറ്റ് ശ്രീജിത്തിനെ കാണാന്‍ സമയം കണ്ടെത്തിയത്. ശ്രീജിത്തിനും അമ്മയ്ക്കും ഈ സമരം വിജയത്തിലെത്തിക്കാന്‍ സാധിക്കട്ടെ എന്ന് സന്തോഷ് പണ്ഡിററ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നല്ല നിമിഷങ്ങൾ സമ്മാനിച്ചു
തിരുവനന്തപുരത്ത് നിരാഹാര സമരം തുടരുന്ന ശ്രീജിത്തിന്‍റെ സമരപ്പന്തലിലെ വീഡിയോ സഹിതമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. പണ്ഡിറ്റ് പറയുന്നത് ഇതാണ്: ശ്രീജിത്തിനെ കാണുവാനും, അഭിവാദൃം അർപ്പിക്കാനും ഞാൻ നേരിൽ ചെന്നു. ബെംഗളൂരു, മൈസൂർ ഭാഗങ്ങളിലെ "ഉരുക്കു സതീശൻ" സിനിമയുടെ ഷൂട്ടിംഗ് തല്കാലം മാറ്റി വെച്ചാണ് ചെന്നത്. ശ്രീജിത്തിനും അമ്മക്കും കുറേ നല്ല നിമിഷങ്ങൾ നല്കുവാൻ സാധിച്ചു എന്നു കരുതുന്നു.

സമരം വിജയത്തിലെത്തട്ടെ
അവരെ സന്തോഷിപ്പിക്കുവാനും ആശ്വസിപ്പിക്കുവാനും ഞാൻ പരമാവധി ശ്രമിച്ചു. അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വിജയത്തിൽ എത്തിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.കുറച്ചു സമയം അവരോടൊപ്പം ഞാൻ ചെലവഴിച്ചു. ഇരുവരും എന്നോട് കുറെ നേരം സംസാരിച്ചു.

നൂറ് കോടി അഭിവാദ്യങ്ങൾ
ഈ സമരത്തിനു കട്ടക്കു സപ്പോർട്ട് ചെയ്യുന്ന ഫേസ്ബുക്ക് കൂട്ടായ്മക്കും, ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഫോറത്തിനും, മറ്റു സാധാരണണക്കാർക്കും നൂറു കോടി അഭിവാദൃങ്ങൾ. പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താൽ നാം ആരേയും ഒറ്റപ്പെടുത്തരുത്. ഇനിയും ഈ നാട്ടിൽ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും.

സോഷ്യൽ മീഡിയ വിപ്ലവം
എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുന്നതാണ്. നമ്മുക്ക് വേണ്ടത് സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുന്ന വിപ്ളവങ്ങളല്ല. മറിച്ച് മണ്ണിൽ ഉറച്ച കാൽ വെച്ചു നടത്തുന്ന ഇതു പോലുള്ള വിപ്ളവങ്ങളാണ് എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനമറിയിച്ചും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശ്രീജിത്തിനൊപ്പം
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications