പാര്‍വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും കനി കുസൃതിയുടെ കയറിപ്പോക്കും ഒരു സൂചന- ശാരദക്കുട്ടി
കൊച്ചി: മലയാള സിനിമയില്‍ വീണ്ടും തിരുത്തലുകളുടെ ശബ്ദം ഉയരുന്നത് വളരെ പ്രതീക്ഷയോടെയാണ് സാംസ്കാരിക ലോകം കാണുന്നത്. നടി ഭാവനക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാണ് പാര്‍വതി രാജിവച്ചത്.
മിക്ക പ്രമുഖ താരങ്ങളും വിഷയത്തില്‍ മൗനം പാലിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ കടു്ത്ത പ്രതികരണം. നഷ്ടപ്പെടാന്‍ ഏറെയുണ്ടായിട്ടും അവര്‍ ഈ തീരുമാനം എടുത്തതിനെ അഭിനന്ദിച്ചും പ്രതികരണം വന്നു....
അഭിനന്ദിച്ച് പ്രമുഖര്‍
പാര്‍വതിയുടെ നിലപാടിനെ പല പ്രമുഖരും അഭിനന്ദിച്ചു. ശ്രീകുമാരന്‍ തമ്പിയും മുന്‍ മന്ത്രി ശ്രീമതി ടീച്ചറും നടന് ഹരീഷ് പേരടിയും സംവിധായകന് ആലപ്പി അഷ്റഫുമെല്ലാം അനുകൂലിച്ച് രംഗത്തുവന്നു. തൊട്ടടുത്ത ദിവസമാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ഈ രണ്ട് സംഭവങ്ങളും ഒരു സൂചനയാണ് എന്ന് ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ പ്രതികരണം
പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും, പികെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്. സൂചനയാണ്.
'ഞങ്ങള്‍ വഴി മാറിത്തരണമോ' എന്നു ചോദിച്ച വള്ളത്തോളിനോട് 'വഴി മാറിത്തരണ്ട, ഞങ്ങള്‍ നിങ്ങളുടെ മുകളിലൂടെ കടന്നു പൊയ്ക്കൊള്ളാം' എന്ന് പണ്ട് പി. കേശവദേവ് പറഞ്ഞതായ ഒരു സംഭവമുണ്ട്. മലയാള സിനിമയുടെ പുതിയ സഞ്ചാരങ്ങളില്‍ അഭിമാനിക്കുന്നു. ചരിത്ര, രാഷ്ട്രീയ ബോധ്യങ്ങളോടെ ഉറച്ച ചുവടുകള്‍ ചവിട്ടി, ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരില്‍ അഭിമാനിക്കുന്നു- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
വിവാദങ്ങളുടെ തുടക്കം
ട്വന്റി ട്വന്റി മാതൃകയില്‍ അമ്മ എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ചിത്രം ഒരുക്കാന്‍ പോകുന്ന കാര്യം ഇടവേള ബാബു ചാനല്‍ ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. അപ്പോള്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം വിവാദ പ്രതികരണം നടത്തിയത്. ഭാവന പുതിയ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. മരിച്ചുപോയവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്നും ഇടവേള ബാബു ചോദിച്ചു.
ആ വാദം തെറ്റ്
ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ, അക്കാര്യമാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ഇടവേള ബാബു പിന്നീട് പ്രതികരിച്ചത്. എന്നാല്‍ ഈ വാദവും ശരിയല്ല. ട്വന്റി ട്വന്റിയിലെ ഭാവനയുടെ കഥാപാത്രം മരിച്ചിട്ടില്ല. ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വന്റിയില്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രമാണ് ഭാവന ചെയ്തത്. മമ്മൂട്ടി കഥാപാത്രമായ അഡ്വ രമേശ് നമ്പ്യാരുടെ സഹോദരിയായ അശ്വതി അപകടത്തെ തുടര്‍ന്ന് ജീവഛവമായി കിടക്കുന്നതും ജീവതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലുമാണ് സിനിമ അവസാനിക്കുന്നത്.
വിശദീകരണം
വിഷയത്തില്‍ ശക്തമായ നിലപാടാണ് പാര്‍വതി സ്വീകരിച്ചത്. വളരെ രൂക്ഷമായ ഭാഷയില്‍ ഇടവേള ബാബുവിനെ വിമര്‍ശിച്ച പാര്‍വതി അമ്മയില്‍ നിന്ന രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ദുരുദ്ദേശപരമായി താന്‍ അഭിമുഖത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. അഞ്ച് മണിക്ക് ശേഷമാണ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചത്. താന്‍ മോശമായി പ്രതികരിച്ചെങ്കില്‍ ആദ്യം വിവാദമാക്കുക ഞാന്‍ അഭിമുഖം നല്കിയ ചാനല്‍ ആകില്ലേ എന്നും ഇടവേള ബാബു ചോദിക്കുന്നു.
പ്രമുഖ താരങ്ങള്‍
ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ എന്തുകൊണ്ടാണ് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ പ്രതികരിക്കാത്തത് എന്ന് ആലപ്പി അഷ്റഫ് ചോദിക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ ഒറ്റപ്പെടുകയാണ്. മലയാള സിനിമയിലെ ഉദയസൂര്യനാണ് പാര്‍വതി. ഭാവനയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഇടവേള ബാബു പരസ്യമായി മാപ്പ് പറയണം. രാജിവച്ച് പുറത്തുപോകണം എന്നും ആലപ്പി അഷ്റഫ് ആവശ്യപ്പെട്ടു.
സ്ത്രീത്വം എന്താണെന്ന് തിരിച്ചറിയണം
രാജിവയ്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയെ അഭിനന്ദിക്കുന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു. നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും രാജിവയ്ക്കാന്‍ പാര്‍വതി ധൈര്യം കാണിച്ചു. അവരില്‍ നിന്ന് സ്ത്രീത്വം എന്താണെന്ന് സിനിമാ രംഗത്തെ കലാകാരികള്‍ തിരിച്ചറിയണം. അര്‍ഹതയില്ലാതെയാണ് ഇടവേള ബാബു സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതെന്നും ശ്രീകുമാരന്‍ തമ്പി കുറ്റപ്പെടുത്തി.
പ്രതീക്ഷയില്ല
ഒരു വിഡ്ഡിയെ കാണൂ. ഓക്കാനമുണ്ടാകുന്നു. നാണം കെട്ട പരാമര്‍ശം... ഇടവേള ബാബു, ജനറല്‍ സെക്രട്ടറി ഓഫ് അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പാര്‍വതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു രാജി. 2018ല്‍ തന്റെ സുഹൃത്തുക്കള്‍ പലരും അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ സംഘടനയില്‍ നിന്നു കൊണ്ടുതന്നെ നവീകരണത്തിന് ശ്രമിക്കാം എന്നാണ് താന്‍ കരുതിയത്. ഇനി ആ പ്രതീക്ഷ ഒഴിവാക്കുന്നു എന്നു പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
കാപ്പന് ചെന്നിത്തലയെ വിളിച്ചു; വെളിപ്പെടുത്തല്‍, മാണിയുടെ ആത്മാവ് പൊറുക്കില്ല, രാഷ്ട്രീയം മാറുന്നു
അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി
Recommended Video