സാറ ജോസഫ് ആം ആദ്മിയിലേക്ക്
തൃശ്ശൂര്‍: ദില്ലില്‍ ജനകീയമായ പാര്‍ട്ടി ആം ആദ്മിയിലേക്ക് പ്രശസ്ത എഴുത്തുകാരിയും ഇടതുപക്ഷക്കാരിയുമായിരുന്ന സാറ ജോസഫും. ഞായറാഴ്ച തൃശ്ശൂര്‍ എം ജി റോഡിലെ ശ്രീഹരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സാറ ജോസഫ് അറിയിച്ചു.
ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന ജനകേന്ദ്രീകൃതമായ അധികാരം എന്ന ആശയം ഏറെ ആകര്‍ഷണീയമാണ്. ഭാരവാഹിത്വത്തിനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ ചേരുന്നതെന്ന് സാറ ജോസഫ് വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന ആദ്യ പ്രശസ്ത വ്യക്തിയാണ് സാറ ജോസഫ്.

ആം ആദ്മി പാര്‍ട്ടിയുടെ നയനിലപാടുകള്‍ കൃത്യമായി പഠിച്ചതിന് ശേഷമാണ് പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനമെടുത്തതെന്ന് സാറ ജോസഫ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ജനകീയ മുന്നേറ്റം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതുവരെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്- സാറ ജോസഫ് പറഞ്ഞു.
നിലിവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതൊന്നും സമൂഹം അംഗീകരിക്കുന്നതല്ല. ജനങ്ങളുടെ പക്ഷത്തുനിന്ന് അവര്‍ക്ക് നിഷേധിച്ച നീതിക്കുവേണ്ടി വാദിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതെന്നും എന്നാല്‍ തന്റെ സ്വതന്ത്രാഭിപ്രായം എല്ലാ കാര്യത്തിലും നിലനിര്‍ത്തുമെന്നും സാറ ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications