സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; പൊട്ടിത്തെറിച്ച് സ്വപ്ന..'ദിസ് ഈസ് ഡേർട്ടി ഗെയിം'
കൊച്ചി; സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും കൊണ്ട് പോയത് വിജിലൻസ് സംഘം. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നായിരുന്നു സരിതിനെ കസ്റ്റഡയിൽ എടുത്തത്. ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമായിരുന്നു നടപടിയെന്നും പോലീസ് അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസിൽ രാവിലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണവുമായി സ്വപ്ന വന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന ആരോപിച്ചത്. സിവിൽ വസ്ത്രത്തിലെത്തിയവരാണ് സരിതിനെ കൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞിരുന്നു. അതേസമയം നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത് സ്വമേധയാ കൂടെവരികയായിരുന്നുവെന്ന് വിജിലൻസ് അറിയിച്ചു. സരിതിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ പിന്നാലെ വിട്ടയക്കുമെന്നും വിജയിലൻസ് സംഘം വ്യക്തമാക്കി.

അതേസമയം സരിത്തിനെ കസ്റ്റഡയിൽ എടുത്ത നടപടിയ്ക്കെതിരെ പ്രതി സ്വപ്ന സുരേഷ് പൊട്ടിത്തെറിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്നായിരുന്നു സ്വപ്നയുടെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്. എന്തിനാണ് സരിതിനെ വിജിലൻസ് കൊണ്ടുപോയത്. അങ്ങനെയാണെങ്കില്‍ ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം, പിന്നെ സ്വപ്നയെ കൊണ്ടുപോകണം, അതിനുശേഷമേ സരിത്തിനെ കൊണ്ടുപോകാവൂവെന്ന് സ്വപ്ന പറഞ്ഞു. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസ് ഈസ് എ ഡേർട്ടി ഗെയിം എന്ന് സ്വപ്ന പറഞ്ഞു.
സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവത്തില്‍ പരാതി നല്‍കുമെന്നും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സ്വപ്ന വ്യക്തമാക്കി.
അതിനിടെ സ്വപ്നയ്ക്കെതിരെ മുൻ മന്ത്രി കെ ടി ജലീല്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍ കാന്തിനെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജലീൽ സ്വപ്നയ്ക്കെതിരെ പരാതി നൽകിയത്. ഗൂഢാലോചന നടത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിച്ചെന്ന് കാണിച്ച് സ്വപ്നയ്ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications