'അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയതും', സരിത എസ് നായരുടെ ആത്മകഥ 'പ്രതിനായിക'
കൊല്ലം: ഒരിടവേളയ്ക്ക് ശേഷം സോളാര്‍ കേസ് സംസ്ഥാനത്ത് വീണ്ടും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതിനിടെ ആത്മകഥയുമായി രംഗത്ത് വന്നിരിക്കുകയാണ് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സരിത എസ് നായര്‍. പുസ്തകത്തിന്റെ കവര്‍ ചിത്രം സരിത തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
''പ്രതിനായിക' എന്നാണ് ആത്മകഥയുടെ പേര്. കൊല്ലം ആസ്ഥാനമായുളള റെസ്‌പോണ്‍സ് ബുക്ക് ആണ് സരിതയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച സോളാർ കേസിന്റെ പശ്ചാത്തലത്തിൽ സരിതയുടെ ആത്മകഥയിൽ പുതിയ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടായേക്കുമോ എന്നുളള ചോദ്യം പ്രസക്തമാണ്.

പുസ്തകത്തിന്റെ കവർ ചിത്രം പങ്കുവെച്ച് കൊണ്ട് സരിത ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും റെസ്‌പോണ്‍സ് ബുക്‌സിലൂടെ നിങ്ങളിലേക്ക്... പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് രൂപകല്‍പ്പന ചെയ്ത കവര്‍... പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയുംസ്‌നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
''പ്രതിനായിക' പുറത്തിറക്കുന്ന റെസ്പോൺസ് ബുക്സ് പുസ്തകത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്: '' അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ.
രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതു വരെ പറയാൻ കഴിയാതെ പോയ പലതും. ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ.
സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന 'പ്രതിനായിക'യിൽ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നു''.












Click it and Unblock the Notifications