പുതുപ്പള്ളി വഴി പോയാല്‍ കുരുക്കൊഴിയും:ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ കൊച്ചിയില്‍ നിന്ന് പുതുപ്പള്ളിവഴി തിരുവനന്തപുരത്തെത്തിച്ചതിന് ന്യായീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണത്രെ സരിതയെ ദേശീയപാത ഒഴിവാക്കി പുതുപ്പള്ളി വഴി തിരുവനന്തപുരത്തെ ജയിലില്‍ എത്തിച്ചത്.
സരിതയുടെ പുതുപ്പള്ളി വഴിയുള്ള യാത്ര ഏറെ വിവാദമായതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഇന്റലിജന്‍സ് എഡിജിപി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് ചെന്നിത്തല പ്രതികരിച്ചത്.

ആലപ്പുഴ വഴി വന്നാല്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാവുക. അത്തരം സന്ദര്‍ഭങ്ങളില്‍ സരിതയെ ജനങ്ങള്‍ കണ്ടാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പോലീസ് പരിഗണിച്ചു എന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും പത്തോ പന്ത്രണ്ടോ കിലോമീറ്റര്‍ അധികം സഞ്ചരിച്ചാലും സരിതയെ ഗതാഗതക്കുരുക്കില്ലാതെ ജയിലില്‍ എത്തിക്കാം എന്നതായിരുന്നു കേരള പോലീസ് എടുത്ത തീരുമാനം.
വക്കീല്‍ ഹാജരാകാത്തതിനാലാണ് ജനുവരി 3 ന് കേസ് കോടതി പരിഗണിക്കാതെ പോയതെന്നും സര്‍ക്കാരിന് വേണ്ടി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നുണ്ട്. അഞ്ച് കേസുകളില്‍ ആയിരുന്നത്രെ സരിതയെ ആ ദിവസം കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്.
ആലപ്പുഴ വഴിയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാണ് കോട്ടയം വഴി പോയതെങ്കിലും , ആ പ്രദേശത്തും ഗതാഗതക്കുരുക്ക് പ്രശ്‌നമായി. ഇതോടെയാണ് ഏറ്റുമാനൂരില്‍ നിന്ന് പാല റോഡിലൂടെ പുതുപ്പള്ളി -തെങ്ങണ വഴി വന്നതെന്നും ചെന്നിത്തല വിശദീകരിക്കുന്നുണ്ട്. മൈലക്കാട്ട് റെജി എന്നയാളുടെ തട്ടുകടയില്‍ നിന്നാണ് സരിതയും പോലീസ് സംഘവും ഭക്ഷണം കഴിച്ചതെന്നും പോലീസ് മന്ത്രി വെളിപ്പെടുത്തി.
ഈ യാത്രക്കിടയില്‍ സരിത ആരെയെങ്കിലും കാണുകയോ ഫോണ്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ സരിതയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയ കാര്യം കൂട്ടത്തിലുള്ള പോലീസുകാര്‍ അടക്കം പറയുന്നത് കേട്ടു എന്ന തട്ടുകട നടത്തിപ്പുകാരിയുടെ മൊഴിയെപ്പറ്റി ആഭ്യന്തര മന്ത്രി ഒന്നും പറഞ്ഞില്ല.












Click it and Unblock the Notifications