നടപടിയില്ലെങ്കില്‍ അടുത്ത വെളിപ്പെടുത്തല്‍: സരിത
കൊച്ചി: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരായ തന്റെ പരാതിയിന്മേല്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത വെളിപ്പെടുത്തല്‍ നടത്തുമെന്ന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. പരാതിയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട വെളിപ്പെടുത്തല്‍ നടത്തും. പോലീസ് എന്ത് നടപടിയെടുക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് എന്നും സരിത പറഞ്ഞു.
എല്ലാ കാര്യങ്ങളും അടങ്ങുന്ന വീഡിയോ തന്റെ പക്കല്‍ ഉണ്ട് എന്ന് സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. തന്റെ വക്കീലിന്റെ കയ്യിലാണ് വീഡിയോ ഉള്ളതെന്നും ഏത് നിമിഷവും വീഡിയോ പുറത്തുവിടും എന്നും ബിജു പറഞ്ഞു. അഡ്വ രവികുമാറാണ് ബിജുവിന്റെ അഭിഭാഷകന്‍. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ബിജു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സീരിയല്‍ - സിനിമാ നടിയായ ശാലു മേനോനും കോടതിയില്‍ എത്തിയിരുന്നു. ബിജുവിനെ കേരളം വിട്ടുപോകാന്‍ സഹായിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് ശാലു കോടതിയില്‍ എത്തിയത്. മാര്‍ച്ച് 28 ലേക്ക് ഈ കേസ് മാറ്റിവെച്ചു. തന്റെ വക്കീലായ അഡ്വ ഫെനി ബാലകൃഷ്ണനൊപ്പമാണ് സരിത എസ് നായര്‍ കോടതിയില്‍ എത്തിയത്.
അതേസമയം അബ്ദുള്ളക്കുട്ടിക്കെതിരായ സരിതയുടെ പരാതിയില്‍ തുമ്പൊന്നും കിട്ടാതെ പോലീസ് കുഴങ്ങുന്നതായി സൂചന. സരിത പരാതിയില്‍ പറഞ്ഞ മാസങ്ങളില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ അബ്ദുള്ളക്കുട്ടിയുടെ പേരില്‍ റൂം എടുക്കുകയോ അബ്ദുള്ളക്കുട്ടി അവിടെ താമസിക്കുകയോ ചെയ്തതിന് പോലീസിന് തെളിവൊന്നും കിട്ടിയില്ല. അത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ക്കായി സരിതയുടെയും അബ്ദുള്ളക്കുട്ടിയുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുകയാണ് പോലീസ്.












Click it and Unblock the Notifications