ശശീന്ദ്രന്‍ പിണറായിയെ കണ്ടു...പറഞ്ഞത്, മന്ത്രിസ്ഥാനത്തേക്കാള്‍ വലുത് ഇതെന്ന്!!!
ഏത് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ശശീന്ദ്രന്‍
തിരുവനന്തപുരം: ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്നു രാജിവച്ച ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ക്ലിഫ്ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ഞായറാഴ്ച വൈകീട്ടോടെയാണ് ശശീന്ദ്രന്‍ കോഴിക്കോട്ടു വച്ച് രാജി പ്രഖ്യാപനം നടത്തിയത്.

മന്ത്രിസ്ഥാനത്തേക്കാള്‍ തനിക്കു വലുത് നിരപരാധിത്വം തെളിയിക്കുകയാണ്. രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണ് ഇതെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തേക്കുവന്ന ശശീന്ദ്രന്‍ പറഞ്ഞു. പുറത്തുവന്ന വാര്‍ത്തകളില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഒരു നിര്‍ദേശവും താന്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

തനിക്കു പകരം മന്ത്രിസഭയിലെത്തുന്ന പുതിയ മന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് ശശീന്ദ്രന്റെ മറുപടി ഇതായിരുന്നു. പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് അക്കാര്യം തീരുമാനിക്കുന്നത്.

സംഭവത്തില്‍ നിരപരാധിത്വം തെളിയിക്കാനാണ് എന്റെ ശ്രമം. തിരിച്ചുവരുന്നിനെക്കുറിച്ചോ മന്ത്രിസ്ഥാനത്തെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

ഞായറാഴ്ച ലോഞ്ച് ചെയ്ത മംഗളം ടെലിവിഷന്‍ ശശീന്ദ്രന്റേതെന്ന് പറഞ്ഞ് അശ്ലീല ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു. തന്റെയടുത്ത് സഹായം തേടിയെത്തിയ സ്ത്രീയോട് മന്ത്രി അപമര്യാദയായി പെരുമാറുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്ത. വാര്‍ത്ത പുറത്തുവിട്ട് മണിക്കൂറുകള്‍ക്കം ശശീന്ദ്രന്‍ രാജിവയ്ക്കുകയും ചെയ്തു.

ഫോണ്‍ സംഭാഷണത്തിലെ പുരുഷ ശബ്ദം ശശീന്ദ്രന്റേതു തന്നെയാണോയെന്നാണ് അന്വേഷണ സംഘം ആദ്യമായി പരിശോധിക്കുക. ഇത്തരം സംഭവങ്ങള്‍ നേരത്തേയും കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പരാതിക്കാര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്റെ കാര്യത്തില്‍ ഇതുവരെ ആരും പരാതിയുമായി വന്നിട്ടില്ലെന്നത് ദുരൂഹമാണ്.

സംഭവത്തില്‍ പരാതിക്കാര്‍ ആരും തന്നെയില്ലെങ്കില്‍ ഹണി ട്രാപ്പ്, ഫോണ്‍ ചോര്‍ത്തല്‍ എന്നിവയെക്കുറിച്ചാവും പോലീസ് അന്വേഷിക്കുക. ഗൂഡലക്ഷ്യവുമായി സ്ത്രീകളെ ഉപയോഗിച്ച് വ്യക്തിയെ കുടുക്കുന്ന ഹണി ട്രാപ്പാണോ ശശീന്ദ്രനെതിരേ നടന്നതെന്നും പരിശോധിക്കും.

പിണറായി വിജയന്റേത് അടക്കം കേരള മന്ത്രിസഭയിലെ 27 മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ അനില്‍ അക്കര ചൂണ്ടിക്കാട്ടിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ശശീന്ദ്രന്റേത് എന്ന തരത്തില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പ്.

അനില്‍ അക്കര ഉന്നയിച്ച 27 പേരുടെ ലിസ്റ്റില്‍ ശശീന്ദ്രന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. തന്റെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുമ്പ് പരാതിപ്പെട്ടപ്പോള്‍ ഡിജിപി ലോകനാഥ് ബെഹ്‌റ ഇതു നിഷേധിച്ചിരുന്നില്ല.

ഞായറാഴ്ച ലോഞ്ച് ചെയ്ത മംഗളം ടെലിവിഷനാണ് ശശീന്ദ്രന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ഇടതുമന്ത്രിസഭയിലെ ഒരു മന്ത്രിയുടേത് എന്ന തരത്തില്‍ ആദ്യം വാര്‍ത്ത കൊടുത്ത ചാനല്‍ പിന്നീടത് ശശീന്ദ്രന്‍ തന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications