ശശീന്ദ്രൻ പിന്തുണച്ചു, എതിർക്കാതെ പിസി ചാക്കോ; തോമസ് കെ തോമസ് എൻസിപി സംസ്ഥാന അധ്യക്ഷൻ
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയിൽ ചേർന്ന യോഗത്തിലാണ് ധാരണ. മുൻ അധ്യക്ഷൻ പിസി ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും. 25 ന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. അതിന് മുൻപ് സംസ്ഥാന നേതാക്കളുമായും ജില്ലാ അധ്യക്ഷൻമാരുമായും കേന്ദ്ര നിരീക്ഷകൻ ജിതേന്ദ്ര ആവാഡ ചർച്ച നടത്തും.
ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു പി സി ചാക്കോ അധ്യക്ഷ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവെച്ചത്. ചാക്കോയെ രാജിവെപ്പിക്കാനുള്ള തീവ്ര ശ്രമങ്ങൾ ശശീന്ദ്ര പക്ഷം നടത്തുന്നതിനിടയിലായിരുന്നു രാജി. മന്ത്രി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടിട്ട് പോലും മുഖ്യമന്ത്രി അതിന് തയ്യാറാകാതിരുന്നത് വേദനിപ്പിച്ചുവെന്നും ഒടുവിൽ പാർട്ടി പിളർപ്പിലേക്ക് പോയേക്കുമെന്ന ഘട്ടം വന്നപ്പോഴാണ് താൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നുമാണ് ഇന്നത്തെ യോഗത്തിൽ പിസി ചാക്കോ അറിയിച്ചത്.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ടാണ് എൻസിപിയിൽ തർക്കങ്ങൾ ഉടലെടുക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയിലെ മന്ത്രിസ്ഥാനം വീതം വെക്കണമെന്ന ധാരണ ഉണ്ടെന്നും അതിനാൽ തനിക്ക് മന്ത്രി സ്ഥാനം വേണമെന്നും തോമസ് കെ തോമസ് പാർട്ടിയിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്തരമൊരു ധാരണ ഇല്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. അന്ന് ശശീന്ദ്രനെയാണ് സംസ്ഥാന അധ്യക്ഷനായ എകെ ശശീന്ദ്രൻ പിന്തുണച്ചത്.
എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച പിസി ചാക്കോ പിന്നീട് തോമസ് കെ തോമസ് പക്ഷത്തിനൊപ്പം നിലയുറക്കുകയായിരുന്നു. തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ എൻ സി പിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് വരെ പിസി ചാക്കോയും തോമസ് കെ തോമസ് പക്ഷവും നിലപാടെടുത്തു. എന്നാൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കുകയായിരുന്നു.
ഇതിനിടയിലാണ് തോമസിനെതിരെ 100 കോടി കോഴ ആരോപണം ഉയരുന്നത്. ബി ജെ പി സഖ്യകക്ഷിയായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി യിലേക്ക് മാറുന്നതിനായി കോവൂർ കുഞ്ഞുമോന്‍, ആന്റണി രാജു എന്നീ എം എല്‍ എമാർക്ക് തോമസ് കെ തോമസ് അമ്പത് കോടി വീതം വാഗ്ധാനം ചെയ്തെന്നായിരുന്നു ആരോപണം. ഇത് മുഖ്യമന്ത്രി അറിഞ്ഞതിനാലാണ് അദ്ദേഹം തോമസിന് മന്ത്രി സ്ഥാനം നൽകുന്നത് എതിർത്തെന്നും റിപ്പോർട്ടുകൾ വന്നു.
എന്നാൽ എൻസിപി അന്വേഷണ കമ്മീഷൻ ഇത്തരമൊരു ആരോപണം തള്ളി. ഇതോടെ കുട്ടനാട് എം എല്‍ എയെ അനുകൂലിക്കുന്നവർ മന്ത്രി ആവശ്യവുമായി വീണ്ടും രംഗത്ത് വന്നു. ചാക്കോയായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. ഇതോടെ ചാക്കോയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ശശീന്ദ്രൻ പക്ഷം ആരംഭിച്ചു. അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഒപ്പ് ശേഖരണവും ശശീന്ദ്രൻ പക്ഷം തുടങ്ങി. ഇതിനിടയിൽ നിലനിൽപ്പിനായി തോമസ് പക്ഷം ശശീന്ദ്രനൊപ്പം കൈകോർക്കുകയും കോൺഗ്രസിൽ നിന്ന് വന്ന പിസി ചാക്കോ ഒറ്റപ്പെടുകയുമായിരുന്നു. തുടർന്നാണ് രാജി എന്ന തീരുമാനത്തിലേക്ക് ചാക്കോ എത്തിയത്.












Click it and Unblock the Notifications