'മകന്റെ മരണം, മകളുടെ ആത്മഹത്യ', 29 വർഷത്തെ പക, ; കിളിമാനൂർ കൊലപാതകത്തിന് പിന്നിൽ
തിരുവനന്തപുരം: കിളിമാനൂരിലെ ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചത് മനസിൽ സൂക്ഷിച്ച പക. മകന്റെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ഉറച്ച ചിന്തയാണ് ശശിധരൻ ദമ്പതികളെ കൊലപ്പെടുത്താനുള്ള കാരണം.
29 വർഷങ്ങൾക്ക് മുമ്പാണ് ശശിധരന്റെ മകൻ ജോലിക്കായി വിദേശത്തേക്ക് പോയത്. കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ ഉദ്ദേശിച്ച ജോലി ശരിയാകാതെ വന്നതോടെ, ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു

സഹോദരന്റെ മരണവാർത്തയറിഞ്ഞ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി.ഇതോടെയാണ് ശശിധരന് പ്രഭാകര കുറുപ്പിനോടുള്ള പക വർധിച്ചത്. മകന്റെയും പിന്നാലെയുള്ള മകളുടെയും ആത്മഹത്യക്ക് പിന്നിലെ കാരണം പ്രഭാകര കുറുപ്പാണെന്ന് ശശിധരൻ ഉറപ്പിച്ചു. പിന്നാലെ അയൽക്കാരനായ പ്രഭാകര കുറുപ്പിനോടുള്ള തർക്കങ്ങളും വാക്കേറ്റങ്ങളും പതിവായി. ഇതോടെ പ്രഭാകരക്കുറുപ്പും കുടുംബവും മടവൂരിലേക്ക് താമസം മാറ്റി

തുടർന്ന് പ്രഭാകരക്കുറുപ്പിനെതിരെ ശശിധരൻ കേസ് നൽകി. മകന്റെ മരണത്തിൽ പ്രഭാകരക്കുറുപ്പിന് പങ്കുണ്ടെന്നായിരുന്നു കേസ്. എന്നാൽ കേസിൽ പ്രഭാകരക്കുറുപ്പിനെ കോടതി ഇന്നലെ കുറ്റവിമുക്തനാക്കി. ഇതോടെ ശശിധരൻ നായരുടെ പക വർധിച്ചു. തുടർന്നാണ് കന്നാസിൽ പെട്രോളുമായി ഇയാൾ പ്രഭാകര കുറുപ്പിന്റെ വീട്ടിലെത്തിയത്. കയ്യിൽ ചുറ്റികയും കരുതിയിരുന്നു.

ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. പിന്നാലെ കന്നാസിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഇരുവരെ തീക്കൊളുത്തുകയായിരുന്നു. ഇതിനിടെയിൽ ശശിധരൻ നായർക്കും പൊള്ളലേറ്റു. പുകയും നിലവിളിയും കേട്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. അപ്പോഴെക്കും ഇരുവർക്കും നന്നായി പൊള്ളലേറ്റിരുന്നു. നാട്ടുകാർ വരുമ്പോൾ ശശിധരൻ നായർ പൊള്ളലേറ്റ് കിടക്കുന്ന ദമ്പതികൾക്കരികിൽ തന്നെ ഉണ്ടായിരുന്നു.

സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും കണ്ടെടുത്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. തുടർന്ന് നാട്ടുകാർ പ്രഭാരക്കുറുപ്പിനേയും ഭാര്യ വിമലയേയും ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം പാരിപ്പള്ളി കോളേജിലേക്കാണ് ഇരുവരെയും മാറ്റിയത്. എന്നാൽ ഗുരുതരമായി പൊള്ളലേറ്റിരുന്ന പ്രഭാകരക്കുറുപ്പ് ആശുപത്രിയിലെത്തിയ ശേഷം മരിച്ചു. പരിക്കേറ്റ വിമല കുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വൈകിട്ടോടെ ഇവരും മരിച്ചു. പരിക്കേറ്റ ശശിധരൻ നായരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്












Click it and Unblock the Notifications