' പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി'; സത്യൻ അന്തിക്കാട്
മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഇന്നസിന്റെ വേർപാട്. 2023 മാർച്ച് 26 നാണ് ഇന്നസെന്റ് വിടപറഞ്ഞത്. അദ്ദേഹം വിടപറഞ്ഞിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു. ഇപ്പോൾ ഇന്നസെന്റിനെ കുറിച്ചുള്ള ഓർമ പങ്കിടുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്നസെന്റിന്റെ ഓർമ പങ്കുവെച്ചത്.
കഴിഞ്ഞദിവസം രാത്രി ശ്രീനിവാസനുമായി ഇന്നസെന്റിനെപ്പറ്റി സംസാരിച്ചെന്നും പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ താൻ വിഷയം മാറ്റിയെന്നും ഇപ്പോഴും ഇന്നസെന്റ് വിട്ടുപോയി എന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ, സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാട് പങ്കുവെച്ച കുറിപ്പ്:
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു - "ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?" "അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി." എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.












Click it and Unblock the Notifications