സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവൃത്തി ദിനം; അനുകൂലിച്ച് അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാന്‍ തയ്യാറെന്ന് അധ്യാപക സംഘടനകള്‍. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപകരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ മാസത്തില്‍ നടത്താനും .യോഗത്തില്‍ തീരുമാനമായി.
കൊവിഡ് മഹാമാരി മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നത്. സകര്‍ക്കാര്‍ ഉത്തരവില്‍ ഇക്കാര്യം കൂട്ടി ചേര്‍ക്കും. ഇതിന് പിന്നാലെയാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് അധ്യാപക സംഘടനകള്‍ അനുകൂല നിലപാട് സ്വീകരിച്ചത്. വിമര്‍ശനങ്ങള്‍ ഉന്നയിച്ച അധ്യാപകര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ല. മുഴുവന്‍ കുട്ടികളേയും ക്ലാസുകളിലെത്തിക്കാന്‍ അധ്യാപകര്‍ കൂടി ഇടപെടല്‍ നടത്തുമെന്നും യോഗത്തില്‍ ധാരണയായി.

Recommended Video

കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാനായി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ തലത്തില്‍ യോഗം ചേരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കുന്നതിനാല്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം സാധ്യമല്ലെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയുമെന്ന ആശങ്കകള്‍ പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നത് പിന്നീട് ആലോചിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ മാര്‍ച്ച് അവസാനം വരെ തുടരും. അതിനാലാണ് ഈ ക്ലാസുകള്‍ക്ക് ഏപ്രിലില്‍ വാര്‍ഷിക പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ഈ മാസവും അടുത്തമാസവും പൊതു അവധിയൊഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഇതിനെതിരെ അധ്യപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് മൂന്നാം തരംഗത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നിരുന്നു. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 10,11,12 ക്ലാസുകള്‍ ഇപ്പോഴുള്ളതുപോലെ ഫെബ്രുവരി 19 വരെ തുടരും. ഫെബ്രുവരി 21 മുതല്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ സാധാരണപോലെ നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.എസ് എസ് എല്‍ സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് ആരംഭിക്കും.












Click it and Unblock the Notifications